താനില്ലെങ്കിൽ നിക്കാഹിന് എന്തർത്ഥമെന്ന് മഹല്ല് കമ്മിറ്റിയോട് മണവാട്ടി

കോഴിക്കോട്: ബാപ്പയ്ക്കും വരനെുമൊപ്പം തന്റെ നിക്കാഹിൽ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യമെന്ന് ബഹിജ ദലീല. നിർണായക മുഹൂർത്തത്തിൽ തന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാൻ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോട് മണവാട്ടി ബഹിജ ദലീല ചോദിക്കുന്നു.
കഴിഞ്ഞ ആഴ്ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിൽ നടന്ന നിക്കാഹ് ചടങ്ങാണ് മതയാഥാസ്ഥിതികവാദികളെ ചൊടിപ്പിച്ചത്. പെൺകുട്ടി നിക്കാഹിൽ പങ്കെടുത്തു എന്നതാണ് ഇവർ കണ്ട തെറ്റ്. ഇതോടെ സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കി. വലിയ തെറ്റാണെന്നും ആവർത്തിക്കരുതെന്ന് താക്കീതും ചെയ്തു.
സിവിൽ എൻജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വർണം വേണ്ടെന്നും സ്വന്തം നിക്കാഹിൽ തനിക്ക് പങ്കെടുക്കണമെന്നും പെൺകുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടർന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതി നൽകിയത്. ജുമാ നമസ്‌കാരത്തിനും മറ്റും സ്ത്രീകൾക്ക് പ്രവേശനമുള്ള പള്ളിയാണിത്. വധുവിന്റെ കുടുംബത്തെ നേരിൽ കണ്ട് വിശ്വാസകാര്യങ്ങളിൽ വീഴ്ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
‘‘നിക്കാഹിൽ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗൾഫ് നാട്ടിൽ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലർത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യകരമാണ്. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തിൽ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുൽകുകയുമാണ് പലരും. അതിൽ കുടുംബത്തിന് ഉത്തരവാദിത്വമില്ല”– പെൺകുട്ടിയുടെ സഹോദരൻ ഫാസിൽ ഷാജഹാൻ പറഞ്ഞു.