അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി: വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരും

കൊച്ചി: നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തന്നെ തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെ കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി തന്നെ മുന്നോട്ടു വന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച അപേക്ഷ നടി ഹൈക്കോടതിയിൽ നൽകിയത്.
കേസ് പുതിയ ജഡ്ജി കേൾക്കണം. ആ ജഡ്ജി പുരുഷനായാലും പ്രശ്‌നമില്ലെന്ന് നടി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി ജഡ്ജി കേസന്വേഷണത്തെ അട്ടിമറിക്കുന്നുവെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ ഹൈക്കോടതി ഉത്തരവ് നടിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.