FILM BIRIYANI KERALA Main Banner SPECIAL STORY

പ്രഭാമയൂഖമേ… കാലമേ…വയലാറിന് വന്ദനം

സതീഷ് കുമാർ വിശാഖപട്ടണം

‘കാലം ‘ ….മനുഷ്യന് ഒരിക്കലും നിർവ്വചിക്കാനാവാത്ത മഹാ പ്രതിഭാസം. നമുക്ക് മുൻപും നമ്മുടെ ശേഷവും കാലത്തിന്റെ അനന്തവഴികൾ… എവിടെനിന്നു തുടങ്ങിയെന്നോ എവിടെ ചെന്നവസാനിക്കുമെന്നോ അറിയാതെ നീണ്ടു നീണ്ടുകിടക്കുന്നു. ഭാരത സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ വേദങ്ങളിൽ കല്പാന്തകാലത്തിൽ നിന്നും ജീവന്റെ തുടിപ്പുകൾ ഈ പ്രപഞ്ചത്തിൽ പൊട്ടിവിടർന്ന് പുതുയുഗത്തിന്റെ സൗരഭ്യം വിടർത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്…
ആ വേദസംസ്‌കൃതിയുടെ വാതായനങ്ങളിലേക്ക് തത്വചിന്തയുടെ പാഞ്ചജന്യം മുഴക്കി കൊണ്ട് കടന്നുചെല്ലുകയാണ് മലയാളഗാനരചയിതാക്കളിലെ ചക്രവർത്തിയായ വയലാർ രാമവർമ്മ.


‘ പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ ….’
എന്ന ഉജ്ജ്വലമായ വരികളിലൂടെ ….
ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ മലയാളനാട് വാരികയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന എസ് കെ നായർ നിർമ്മിച്ച മഴക്കാറിന്റെ കഥയെഴുതിയത് ജി വിവേകാനന്ദൻ…
തോപ്പിൽഭാസി തിരക്കഥയെഴുതി മധു, കനകദുർഗ്ഗ, ചെമ്പരത്തി ശോഭന, കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം പി എൻ മേനോനാണ് സംവിധാനം ചെയ്തത്.
1973 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ ‘മഴക്കാറ്’ എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാൽ സമ്പന്നമായിരുന്നു.


‘അനസൂയേ പ്രിയംവദേ …… (മാധുരി )
‘മണിനാഗ തിരുനാഗ യക്ഷിയമ്മേ …… ( ജയചന്ദ്രൻ മാധുരി )
‘വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി ….. (പിന്നീട് സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണൻ )
എന്നിവയെല്ലാമായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റ് ഗാനങ്ങൾ. സാമ്പത്തികമായി പരാജയപ്പെട്ട ഈ സിനിമ ഇന്ന് ഓർമ്മിക്കപ്പെടുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത ‘ കാല’ ത്തിന്റെ അത്ഭുതകരമായ പരിണാമങ്ങളെക്കുറിച്ച് വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് പാടിയ പ്രളയപയോധിയിൽ എന്ന ഗാനത്തിലൂടെയാണ്.
പ്രകൃതിയേയും ഈശ്വര

നേയും നമ്മുടെ പ്രതിരൂപങ്ങളാക്കുന്ന മഹത്തായ തത്വചിന്ത…
കാലത്തെ വിഭജിക്കപ്പെട്ടിരിക്കുന്ന മന്വന്തരങ്ങളേയും പ്രപഞ്ചത്തിന്റെ മാനസപുത്രികളായ ഋതുക്കളേയും സൗരയൂഥങ്ങളിലെ സൗരഭ്യങ്ങളേയും കുറിച്ച് ഒരു വയലാറിനല്ലാതെ മറ്റാർക്കാണ് ഇത്ര ഭംഗിയായി എഴുതാൻ കഴിയുക… ?
പ്രകാശത്തെ കാലമായി കണ്ട
വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ
ആൽബർട്ട് ഐൻസ്റ്റനെ കൂടി ഓർമ്മിക്കുവാൻ ഈ ഗാനം പ്രചോദനമേകുന്നു…
ഇന്ന് ഈ ഗാനത്തിന്റെ നാൽപത്തിയൊമ്പതാം വാർഷികദിനത്തിൽ വയലാർ കൊളുത്തി വെച്ച സ്വർഗ്ഗ ദീപാവലിയുടെ സൗന്ദര്യം നാൾക്കുനാൾ വർദ്ധിക്കുകയാണല്ലോ എന്നോർത്തു കൊണ്ട് കാലത്തിനും വയലാറിനും ഐൻസ്റ്റനും ഈ ലേഖകന്റെ ഒരു പുലർകാലവന്ദനം കൂടി നൽകട്ടെ …..
(പാട്ടോർമ്മകൾ @ 365 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *