പ്രവാചകൻ (കഥ):
എം എ ബഷീർ

മുറിയുടെ ജനാലയിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ലൈറ്റിട്ടതിനു ശേഷം വാച്ചെടുത്ത് സമയം നോക്കി. അഞ്ചു മണി. ജനാല തുറന്നു പുറത്തേക്കു നോക്കി. വെളിച്ചപ്പാടു പോലെ വേഷം ധരിച്ചൊരാൾ പുറത്തു നിൽക്കുന്നു. തെരുവുവിളക്കിന്റെ വിറളിയ വെളിച്ചത്തിൽ ഞാനയാളെ കണ്ടു.തമിഴും മലയാളവും കലർന്ന ശബ്ദത്തിൽ അംഗവിക്ഷേപങ്ങളോടെ അയാൾ എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട്. അകാരണമായൊരു ഭീതിയോടെ ഞാനതു ശ്രദ്ധിച്ചു:
‘ഇന്ന് സന്ധ്യയാകുന്നതിനു മുമ്പ് നിങ്ങൾ അപകടത്തിൽ മരിക്കും , പരിഹാര കർമ്മം ചെയ്യുക. ‘
ഇതായിരുന്നു പറഞ്ഞതിന്റെ സാരമെന്ന് എനിക്കു മനസ്സിലായി.

പിന്നെ അയാൾ എന്തോ പ്രതീക്ഷിക്കുന്നതു പോലെ എന്നെ നോക്കി നിന്നു. ഞാൻ പെട്ടെന്ന് ജനാലയsച്ചു. ദേഷ്യത്തോടെ എന്തോ വിളിച്ചു പറഞ്ഞുകൊണ്ട് അയാൾ അകലേക്കു നടന്നു പോയി.
പിന്നെയെനിക്ക് ഉറക്കം വന്നില്ല. അകാരണമായൊരു ഒരു ഭയം എന്നെ പൊതിയുന്നുണ്ടായിരുന്നു. വേഗം നേരം പുലരാൻ ഞാൻ കാത്തിരുന്നു.
സംഭവിച്ച കാര്യങ്ങളെല്ലാം രാവിലെ തന്നെ അടുത്ത മുറികളിൽ താമസിക്കുന്നവരോട് പറഞ്ഞു.
‘പേടിച്ചു പോയോ?’ ചിരിച്ചു കൊണ്ട് ഒരാൾ ചോദിച്ചു.’
വേറൊരാൾ പറഞ്ഞു: ‘അയാളാണ് ഈ തെരുവിലെ പ്രവാചകൻ. അതിരാവിലെ വാതിലിൽ തട്ടി അപകടത്തെക്കുറിച്ച് പ്രവചനം നടത്തുന്നയാൾ. പ്രശ്‌ന പരിഹാരത്തിന് പ്രതിഫലവും വാങ്ങും.’
അവർ വിവരിച്ചു.അയാൾ എന്റെ മുന്നിൽ എന്തോ പ്രതീക്ഷിച്ചു നിന്നതിന്റെ അർത്ഥം അപ്പോഴെനിക്ക് മനസ്സിലായി.
മലയാള ഭാഷയിൽ എം എ ബിരുദം നേടി ജോലിയന്വേഷിക്കുന്ന കാലം.
ഒരു പാരലൽ കോളേജിൽ ജോലി കിട്ടി പാലക്കാട്ടെത്തിയതാണ്. കോട്ടയം സ്വദേശി ഫിലിപ്പോസ് സാറാണ് പ്രിൻസിപ്പൽ. തൽക്കാലം താമസിക്കാൻ സാറൊരു മുറി ഏർപ്പാടാക്കിത്തന്നു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള തെരുവിലെ ഒരു ലോഡ്ജു മുറി. ആദ്യ ദിവസമുണ്ടായ അനുഭവം കോളേജിലെത്തി സഹാധ്യാപകരോടെല്ലാം ഞാൻ പറഞ്ഞു.
‘ പ്രവാചകൻ പറഞ്ഞതല്ലേ ഒന്നു ശ്രദ്ധിച്ചു കൊള്ളൂ. ‘
ഒരാളുടെ കമന്റ് !

അന്നു പകൽ മുഴുവൻ പ്രവാചകനും പ്രവചനമായിരുന്നു മനസ്സിൽ. വേഗം സന്ധ്യയാകാൻ ആഗ്രഹിച്ചു. സന്ധ്യ കഴിഞ്ഞപ്പോഴാണ് ഒരു വിധം സമാധാനമായത്.
45 കൊല്ലം മുമ്പു നടന്നൊരു സംഭവമാണ് . എങ്കിലും ആ പ്രവാചകനും ആ പ്രവചനവും ഇന്നും എന്റെ ഓർമ്മയിലുണ്ട്.