FILM BIRIYANI KERALA Main Banner TOP NEWS

‘നന്ദനയെ തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ?’ പാപ്പൻ കണ്ടുകൊണ്ടിരിക്കുമ്പോൾ സുരേഷ് ഗോപിയുടെ കോൾ

സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ തിയറ്ററുകളിൽ ആഘോഷം നിറയ്ക്കുകയാണ് സുരേഷ് ഗോപി ആരാധകർ. നടൻ എന്ന നിലയിൽ മാത്രമല്ല ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരനായും ജനങ്ങളുടെ മനസിൽ അദ്ദേഹം ഇതിനോടകം സ്ഥാനം നേടിയിട്ടുണ്ട്. തന്റെ സിനിമയുടെ റിലീസ് ദിനത്തിൽ പോലും സന്നദ്ധപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു സുരേഷ് ഗോപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പങ്കുവച്ച കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.


പാപ്പൻ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സുരേഷ് ഗോപിയുടെ കോൾ തനിക്കുവന്നെന്നും ഒരു പെൺകുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിനുവേണ്ടിയായിരുന്നു അതെന്നുമാണ് സന്ദീപ് കുറിച്ചത്. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ നന്ദനയ്ക്ക് ടൈപ്പ് വൺ പ്രമേഹ ബാധിതയാണ്. ഇൻസുലിൻ പമ്പ് കുട്ടിയുടെ ശരീരത്തിൽ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാനാണ് സുരേഷ് ഗോപി തന്നെ വിളിച്ചതെന്നും അദ്ദേഹം കുറിക്കുന്നു. ഇതിനു വരുന്ന ആറ് ലക്ഷം രൂപ സുരേഷ് ഗോപിയാണ് വഹിക്കുന്നത്.

സന്ദീപ് വാര്യർ പങ്കുവച്ച കുറിപ്പ്

ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല. ഇന്നലെ പെരിന്തൽമണ്ണ വിസ്മയയിൽ കുടുംബസമേതം പാപ്പൻ കണ്ടു. രാവിലെ സുരേഷേട്ടനോട് ഫോണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലിൽ പടം കാണാൻ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ. സിനിമ തുടങ്ങി. ഹൗസ് ഫുൾ ആണ്. പണ്ട് സംഗീതയിൽ കമ്മീഷണർ കാണാൻ പോയ അതേ ആവേശത്തോടെ ഞാൻ സീറ്റിന്റെ തുമ്പത്തിരുന്നു. സ്റ്റയിലിഷായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സ്‌ക്രീനിൽ വരുന്ന നിമിഷം പാപ്പൻ എന്ന ടൈറ്റിൽ തെളിയുന്നു. തീയേറ്ററിൽ നിലയ്ക്കാത്ത കരഘോഷം. ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നൽകാതെ മുന്നോട്ട് പോവുകയാണ്. പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രൻ പ്രകടനം.
ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തിൽ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു. മൊബൈൽ എടുത്ത് നോക്കുമ്പോൾ വിളിക്കുന്നത് പാപ്പനാണ്. സാക്ഷാൽ സുരേഷ് ഗോപി. ഫോണെടുത്ത് ‘പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ’ എന്ന് പറഞ്ഞു.
എന്നാൽ അത് കേൾക്കാനായിരുന്നില്ല ആ കാൾ. ‘സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കൂ, അന്ന് ആ മെഷീൻ നൽകാൻ ഞാൻ ഡോക്ടറോട് സംസാരിസംസാരിച്ചിട്ടുണ്ട്… ‘
‘ ഇപ്പോ അറിയിക്കാം സുരേഷേട്ടാ ‘ ഞാൻ ഫോൺ കട്ട് ചെയ്തു.
നന്ദന .. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ. ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി. ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും. പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു.
വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു ‘ നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം’. ഇൻസുലിൻ പമ്ബ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര്. ആറ് ലക്ഷം രൂപയാണ് വില. ആ തുക പൂർണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി വഹിക്കും.
തീയേറ്ററിൽ ഇരുന്ന് തന്നെ നന്ദനയെ ഫോൺ ചെയ്തു. ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും. ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേൽനോട്ടത്തിൽ നന്ദനയുടെ ജീവൻ രക്ഷാ ഉപകരണം സ്ഥാപിക്കും.
സ്‌ക്രീനിൽ മക്കളുടെ ജീവൻ രക്ഷിക്കാൻ പാപ്പൻ നിറഞ്ഞാടുമ്പോൾ അതേ സമയം യഥാർത്ഥ ജീവിതത്തിൽ ഒരു കുഞ്ഞു മോളുടെ ജീവൻ രക്ഷിക്കാൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നടത്തുന്ന ഇടപെടലിൽ നിമിത്തമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു ഞാൻ. അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ റിവ്യൂ ആണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *