വെണ്ണതോൽക്കുമുടലോടെ…വയലാറിന്റെ വരികൾക്ക് അര നൂറ്റാണ്ട്

സതീഷ് കുമാർ വിശാഖപട്ടണം
മലയാള സാഹിത്യരംഗത്ത് വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ച എഴുത്തുകാരനായിരുന്നു പി കേശവദേവ്. സാഹിത്യത്തിലും ജീവിതത്തിലും കേശവദേവിന്റെ വാക്കും പ്രവൃത്തിയുമെല്ലാം എന്നും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായ ‘ഓടയിൽനിന്ന് ‘ ആയിരുന്നു ചലച്ചിത്രമാക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആദ്യകൃതി. 1972ൽ ഉദയായുടെ ബാനറിൽ നിർമ്മിക്കപ്പെട്ട ‘ ഒരു സുന്ദരിയുടെ കഥ ‘ യും കേശവദേവിന്റെ ജനപ്രീതി നേടിയെടുത്ത ചിത്രങ്ങളിലൊന്നാണ് ……






തോപ്പിൽ ഭാസി തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ പ്രേംനസീറും ജയഭാരതിയുമാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചത്. എഴുത്തുകാരനും സംവിധായകനുമായിരുന്ന ജേസിയും ഒരു സുന്ദരിയുടെ കഥയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഓരോരോ വരികളിലും ശൃംഗാരഭാവന നിറഞ്ഞുനിൽക്കുന്ന വയലാറിന്റെ പ്രശസ്തമായ
‘വെണ്ണതോൽക്കുമുടലോടെ
ഇളം വെണ്ണിലാവിൻ
തളിർ പോലെ
രാഗിണി മനോഹാരിണി
രാത്രി രാത്രി വിടരും നീ
അനുരാഗ പുഷ്പിണി … ….’
എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത് ജേസിയും ജയഭാരതിയുമായിരുന്നു.
വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ചു.
‘അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ അണിവൈരകമ്മലിട്ട പെണ്ണേ …… (യേശുദാസ് )
‘സീതപ്പക്ഷി സീതപ്പക്ഷി നിന്റെ ശ്രീവല്ലഭനെന്നുവരും ശ്രീതിലകപക്ഷി …..(പി സുശീല )
‘നവമീ മഹാനവമീ …..(പി സുശീല )


‘പവനമധുരാനിലയെ പങ്കജാക്ഷിനിലയെ ….. (ജയചന്ദ്രൻ ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ. 1972 ജൂലൈ
28ന് തിയേറ്ററുകളിലെത്തിയ ‘ഒരു സുന്ദരിയുടെ കഥ ‘ എന്ന ചിത്രത്തിന്റെ ഗോൾഡൻ ജൂബിലിയാണിന്ന്.
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ ചിത്രം ഇന്നും ഓർമ്മിക്കപ്പെടുന്നത് വയലാറിന്റെ പ്രസിദ്ധമായ ‘വെണ്ണതോൽക്കുമുടലോടെ…. ‘ എന്ന ശൃംഗാര ഭാവന നിറഞ്ഞൊഴുകുന്ന കാമമോഹിതമായ ഗാനത്തിലൂടെയാണ്.

