KERALA Main Banner TOP NEWS

എന്താണ് ആഫ്രിക്കൻ പന്നിപ്പനി? രോഗം മനുഷ്യരിലേക്ക് പകരുമോ?

തിരുവനന്തപുരം: 2020 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത്. വളർത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. സംസ്ഥാന സർക്കാരിന്റെ ഡാറ്റകൾ പ്രകാരം, പകർച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമിൽ 40,000ലധികം പന്നികൾ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അസമിന് പുറമെ മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം, ഓക്കാനം എന്നീ ലക്ഷങ്ങളാണ് രോഗം ബാധിച്ച പന്നികളിൽ കണ്ടുവരുന്നത്. ഇപ്പോൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുന്നതിനാൽ രോഗത്തിന്റെ തീവ്രതയെക്കുറിച്ചും ഇത് മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

പന്നിപ്പനി ഒരു പകരുന്ന രോഗമാണ്. പന്നികളിലെ ഹെമറാജിക് പനിയുടെ മറ്റൊരു രൂപമാണിത്. 1920കളിൽ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോഗം പടർന്നു. ഈ രോഗത്തിന് വാക്സിൻ ഇല്ല. മരണനിരക്ക് 100 ശതമാനത്തിൽ എത്താൻ സാധ്യതയുള്ള ഒരു പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി.

പന്നികളെ എങ്ങനെയാണ് രോഗം ബാധിക്കുന്നത്?

കഠിനമായ പനി, വിശപ്പില്ലായ്മ, ഛർദ്ദി, തൊലിപ്പുറത്തെ രക്തസ്രാവം, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.

ഇത് മനുഷ്യരെ ബാധിക്കുമോ?

പന്നിപ്പനി പോലെ ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ല. എന്നാൽ, അവർ രോഗവാഹകരാകുകയും മറ്റ് കന്നുകാലികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. രോഗം മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുന്നവരെ ഇത് സാമ്പത്തികമായി ബാധിക്കും.

രോഗം എങ്ങനെ തടയാം?

ആഫ്രിക്കൻ പന്നിപ്പനിക്ക് ചികിത്സ ലഭ്യമല്ല. അതിനാൽ കർശനമായ പ്രതിരോധ നടപടികളിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. പന്നികളെ വളർത്തുന്ന സ്ഥലങ്ങളിൽ ശുചിത്വം പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് രോഗം പിടിപെട്ടാൽ മൃഗങ്ങളെ കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏക മാർഗ്ഗം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *