സിപിഎമ്മിനെയും ബിജെപിയെയും ഒരു പോലെ എതിർക്കണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിർ

കോഴിക്കോട്: ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ എതിർക്കണമെന്ന് കോഴിക്കോട് നടക്കുന്ന കെ.പി.സി.സി ചിന്തൻ ശിബിർ ആഹ്വാനം ചെയ്തു.
നഷ്ടമായ ന്യൂനപക്ഷവോട്ടുകൾ തിരികെ പിടിക്കണമെന്നും ചിന്തൻ ശിബിർ അഭിപ്രായപ്പെട്ടു. സാമുദായിക സംഘടനകളുമായി അടുപ്പം തുടരണമെന്നും അടിമത്തം പാടില്ലെന്നും ചർച്ചയുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആക്രമണം ബി.ജെ.പിയിൽ മാത്രം കേന്ദ്രീകരിക്കരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
എ.ഐ.സി.സി നിർദേശിച്ച സമയത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കണമെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പുനഃസംഘടന വൈകുന്നത് പാർട്ടിയെ നിർജീവമാക്കുമെന്നും അഭിപ്രായം ഉയർന്നു.സംഘടനാ സംവിധാനം ശക്തമാക്കുക, ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കർമ പദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് രണ്ട് ദിവസത്തെ ചിന്തൻ ശിബിർ കോഴിക്കോട് തുടങ്ങിയത്. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾക്ക് പുറമേ പോഷക സംഘടനാ ഭാരവാഹികളടക്കം 200 ഓളം പ്രതിനിധികളാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്.