ആര്യനാട് ചെമ്പകമംഗലത്ത്
മഹാരുദ്ര ഭൈരവി യാഗം

മഹാരുദ്ര ഭൈരവീ യാഗത്തിന് അനുബന്ധമായി നടക്കുന്ന അഷ്ഠ മൃത്യുഞ്ജയ ഹവനത്തിൽ വ്രതനിഷ്ഠയോടെ പങ്കെടുക്കുന്നവരുടെ എട്ട് തലമുറ അപമൃത്യുവിൽ നിന്ന് മുക്തരാകും; സർവ്വ രോഗ ദുരിതനിവാരണം നൽകും
തിരുവനന്തപുരം : ഭാരത യാഗ ചരിത്രത്തിലെ ആദ്യ മഹാരുദ്ര ഭൈരവീ യാഗത്തിന് ആര്യനാട് തോളൂർ ചെമ്പകമംഗലം ശ്രീഭദ്രകാളി ക്ഷേത്രം ഒരുങ്ങുന്നു. ശ്രീ ഭദ്രയെയും ശ്രീ ദുർഗ്ഗയെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന ദേവീ ക്ഷേത്രമാണ് തോളൂർ ചെമ്പക മംഗലം ശ്രീഭദ്രകാളി ക്ഷേത്രം.

ഭാരതത്തിലെ അൻപത്തിയൊന്ന് ശക്തി പീഠങ്ങളിൽ ഭൈരവീ സങ്കൽപ്പമുള്ള മൂന്ന് പീഠങ്ങളാണ് മധ്യപ്രദേശിലെ ഉജ്ജയനി കാളീ ക്ഷേത്രം, ഹിമാചൽ പ്രദേശിലെ ജ്വാലാമുഖി ക്ഷേത്രം, പഞ്ചാബിലെ മ – കാളീപീഠ ക്ഷേത്രം എന്നിവ. ദുർഗ്ഗയുടെയും ഭദ്രയുടെ ഏകീകൃത ഭാവമായ രുദ്ര ഭൈരവി ക്ഷിപ്രപ്രസാദിനിയും ക്ഷിപ്ര വരദായനിയുമാണ്. മാതൃസങ്കൽപ്പത്തിന്റെ മൂർത്തിമദ് ഭാവമായ രുദ്ര ഭൈരവിയെ പ്രസാദിപ്പിക്കുന്ന ഈ മഹായാഗത്തിലൂടെ ലോകത്തിന് ശാന്തിയും സമാധാനവും ലഭിക്കും. സർവ്വ ദോഷ നിവാരണവും സർവ്വ രോഗ ദുരിതനിവാരണവും പ്രദാനം ചെയ്യാനും ഈ യാഗത്തിന് കഴിയും.
വിക്രമാദിത്യ രാജാവിന്റെ മൂർത്തിയായ ഉജ്ജയിൻ ഭൈരവി രക്ത ദോഷങ്ങൾ മാറ്റുന്ന സർവ്വരോഗ നിവാരണിയാണ്. ഹിമാചലിലെ ജ്വാലാമുഖി നമുക്ക് പ്രകാശം സമ്മാനിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് വഴിതെളിക്കുന്നു. പഞ്ചാബിലെ മ – കാളിപീഠം ഭൈരവീ സങ്കൽപ്പം സർവ്വ വിജയങ്ങളും സമ്മാനിക്കുന്നു. ചരിത്രത്തിലാദ്യമായ ഈ മൂന്ന് ഭൈരവീ പീഠങ്ങളുടെ ആചാര്യൻമാരുടെ കാർമ്മികത്വത്തിലാണ് മഹാരുദ്ര ഭൈരവീ യാഗം ചെമ്പക മംഗലത്ത് നടക്കുന്നത്.
കാശിമഹാക്ഷേത്രത്തിൽ പതിനൊന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന അഷ്ഠ മൃത്യുഞ്ജയ ഹവനം കാശി ആചാര്യൻമാരുടെ കാർമ്മികത്വത്തിൽ ഇതോടനുബന്ധമായി ഇവിടെ നടക്കും. ഒരു ലക്ഷത്തി പതിനെണ്ണായിരത്തി പതിനൊന്ന് മൃത്യുഞ്ജയ ഹോമത്തിന് സമാനമാണ് ഒരു അഷ്ഠ മൃത്യുഞ്ജയ ഹവനം. ഈ മഹാഹവനം ഇതിൽ പങ്കെടുക്കുന്നവരുടെ എട്ട് തലമുറയെ അപമൃത്യുവിൽ നിന്ന് മോചിപ്പിച്ച് സർവ്വ രോഗ ദുരിതനിവാരണം നൽകും.

ആഗസ്റ്റ് 16 മുതൽ 23 വരെ നടക്കുന്ന മഹാരുദ്ര ഭൈരവീ യാഗത്തിന്റെ മുഖ്യ കാർമ്മികൻ യാഗ ബ്രഹ്മൻ ആനന്ദ് നായരും മുഖ്യ യാഗാചാര്യൻ കൊല്ലൂർ മൂകാംബികാ മുഖ്യ തന്ത്രി ഡോ: രാമചന്ദ്ര അഡികയുമാണ്. യാഗാചാര്യന്മാരായി കാശി വിശ്വനാഥ ക്ഷേത്ര മുഖ്യ പുരോഹിത് ആചാര്യ പ്രഭാത് ദ്വിവേദി, പഞ്ചാബിലെ മ – കാളീപീഠം മുഖ്യ പുരോഹിത് ആചാര്യ രാംലാൽ ശാസ്ത്രിജി, ജ്വാലാമുഖി ക്ഷേത്ര മുഖ്യ പുരോഹിത് ആചാര്യ അഭിഷേക് ശുക്ല , വാരണാസി കാലഭൈരവീ ക്ഷേത്ര മുഖ്യ പുരോഹിത് ആചാര്യ രോഹിത് പാണ്ഡെ എന്നിവരെത്തും. ഇവർക്കൊപ്പം ഭാരതത്തിലെ വിവിധ മഹാക്ഷേത്രങ്ങളിലെ തന്ത്രി മുഖ്യൻമാരും മഹാരുദ്ര ഭൈരവീ യാഗത്തിന് കാർമികത്വം വഹിക്കും

മൂകാംബിക തന്ത്രി ഡോ: രാമചന്ദ്ര അഡികയും യാഗ ബ്രഹ്മൻ ആനന്ദ് നായരും