ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ, ശരത്തിനെ പ്രതി ചേർക്കും; തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച

കൊച്ചി: നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ തുരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച നൽകുമെന്ന് പ്രോസിക്യൂഷൻ. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.
തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി വ്യക്തമാക്കി.
അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കും. ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും സൂചനയുണ്ട്. തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമായിരിക്കും ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുക. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിന് ശരത്തിനെ പ്രതി ചേർത്തത്.
കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം മൂന്ന് ആഴ്ച കൂടി സമയം തേടിയിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടർന്ന് അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.
ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ജനുവരിയിൽ തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂർത്തിയാക്കാൻ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു.
