മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ അറസ്റ്റിൽ.
അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരീനാഥൻ മുൻകൂർജാമ്യ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. രാവിലെ 10.50 അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തത്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിന്റെ സമയവും മറ്റു രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്തത്. ഇത് സംബന്ധിച്ച് ശബരിനാഥൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കയച്ച വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം വധശ്രമമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നെന്നുമാണ് സിപിഎം ആരോപണം.