രാമനാമ ലിഖിത യജ്ഞം തുടങ്ങി

കോഴിക്കോട് : മിഠായി തെരുവിന്റെ ഭഗവതി എന്നറിയപ്പെടുന്ന മടപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് രാമനാമ ലിഖിത യജ്ഞം ആരംഭിച്ചു. 31 ദിവസം നീണ്ട് നില്ക്കുന്ന ലിഖിത യജ്ഞശേഷം ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ സമർപ്പിക്കുന്നതാണ്. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും നോട്ടുബുക്കുകളിൽ രാമനാമ ജപം എഴുതി സമർപ്പിക്കുന്ന ചടങ്ങ് സ്വാമി വിവേകാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. നാമജപ പ്രചരണം കലികാലത്ത് അത്യന്താപേക്ഷിതമാണെന്ന് സ്വാമി വിവേകാ മൃത ചൈതന്യ അഭിപ്രായപ്പെട്ടു. മുൻ കാലങ്ങളിൽ പയ്യന്നൂർ രാമ ക്ഷേത്രത്തിലും മുത്തങ്ങ ഹനുമാൻ ക്ഷേത്രത്തിലുമായിരുന്നു രാമനാമ സമർപ്പണം നടത്തിയത്. 21-ാം നു അഖണ്ഡ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. ആയിരക്കണക്കിന് കുടുംബങ്ങളിൽ രാമ നാമ ലിഖിതം എത്തിക്കുകയാണ് ലക്ഷ്യം.



ചടങ്ങിൽ പി.കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. ധർമ്മരത്‌നം രഘുവീർ, എം.ഷിബു, ഇ.വിജൻ, വി.ടി. ഷീന എന്നിവർ സംസാരിച്ചു. ശ്രീരാമ വന്ദനം ഷൈജു പൂളക്കണ്ടി അവതരിപ്പിച്ചു. ആർഷ സംസ്‌കൃതിയാണ് പരിപാടി സംഘടിപ്പിച്ചത്.