എംഎം മണി പറ…. കെകെ രമ എങ്ങനെയാണു വിധവയായത്?

തിരുവനന്തപുരം: ഈ നിയമസഭയിൽ സിപിഎം ഏറ്റവുമധികം ഭയക്കുന്ന എംഎൽഎ ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ… കെ.കെ. രമ. മുഖ്യമന്ത്രിയുടെ കസേരയിലാണ് വാഴ വയ്ക്കേണ്ടതെന്ന് പറയാനുള്ള ധൈര്യം കാണിച്ച കെ.കെ.രമ…. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്ന് പരിഹസിച്ച കെകെ രമ. അതുകൊണ്ടുതന്നെയാവണം സിപിഎം നേതാക്കൾ രമയെ വളഞ്ഞിട്ടാക്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എ കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമൊക്കെ രമയെ ഒറ്റുകാരിയെന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. ആ ആക്ഷേപത്തിന് രമ കൊടുത്ത മറുപടിയിൽ അവർ പൊള്ളിപ്പിടഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം നാവിന് ഒരു ലൈസൻസുമില്ലാത്ത എംഎം മണി വിധവാപ്രയോഗത്തിലൂടെ രമയെ കുത്തിനോവിക്കാൻ ഒരു ശ്രമം നടത്തിയത്. ഈ അവസരത്തിലാണ് പ്രമുഖ മാദ്ധ്യമപ്രവർത്തകനായ കെസി ബിപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.
കെസി ബിപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
പതിനെട്ടാമത്തെ വയസിൽ സിപിഎമ്മിന്റെ നെല്ലാച്ചേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഒരു ചന്ദ്രശേഖരൻ ഉണ്ടായിരുന്നു ഒഞ്ചിയത്ത്. അയാളുടെ ഭാര്യയാണ് വടകര എംഎൽഎ കെ.കെ.രമ. അയാൾ എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ജില്ലാ ഭാരവാഹിയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പാർട്ടി ഗ്രാമമായ കണ്ണൂക്കരയിൽ പാർട്ടിയുടെ മുഖമായിരുന്നു. അവസാന കാലത്ത് ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗവും..
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുടെ പുറത്ത് 2009 ൽ അയാൾ സിപിഎം വിട്ടു. വിപ്ലവ പാരമ്പര്യം പേറുന്ന മണ്ടോടി കണ്ണന്റെ ഗ്രാമം അയാൾക്കൊപ്പം പോയി. എതിരാളികൾ ഇല്ലാതിരുന്ന ഒഞ്ചിയം പഞ്ചായത്ത് ഭരണം അയാൾ രൂപീകരിച്ച റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി, ഒറ്റക്കൊല്ലംകൊണ്ട് പിടിച്ചു. ഏറാമലയിലും അഴിയൂരും ചോറോടും സിപിഎമ്മിന്റെ തദ്ദേശകോട്ട പൊളിഞ്ഞു. വടകര പാർലമെന്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സഹോദരിയും മുൻ ജില്ലാ സെക്രട്ടറി എം.ദാസന്റെ ഭാര്യയുമായ പി സതീദേവി തോറ്റു. ചന്ദ്രശേഖരൻ ജീവനോടെ ഉണ്ടായാൽ പാർട്ടി തീരുമെന്ന് ബോധ്യപ്പെട്ട കുറച്ചുപേർ ഗൂഢാലോചന നടത്തി അയാളെ കൊന്നു.
2012 മെയ് 4 ന് രാത്രി വള്ളിക്കാട് വച്ച് ഇന്നോവ കാറിൽ എത്തിയ ഒരുസംഘം ബൈക്കിൽ വരികയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചു വീഴ്ത്തി, ബോംബ് എറിഞ്ഞു ഭീതിയുണ്ടാക്കി, തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 51 വെട്ട് ഉണ്ടെന്നാണ് കണക്ക്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഒരു പിണറായി വിജയൻ എൻഡിഎഫിന്റെ കൊട്ടേഷൻ ആണ് കൊലപാതകം എന്ന് വാർത്താ സമ്മേളനം നടത്തി കേരളത്തെ വഴിതിരിക്കാൻ നോക്കി… തിരുവഞ്ചൂരിന്റെ പൊലീസ് കേസ് അന്വേഷിച്ച് അന്വേഷിച്ച് ഒടുവിൽ സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനിലും പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തനിലും എത്തി. കൊടി സുനി മുതൽ ട്രൗസർ മനോജ് വരെ കൊലയാളികൾ…സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി മോഹനൻ വരെ ഗൂഢാലോചനയിൽ പ്രതിയായിരുന്നു. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ പക്ഷെ പരാജയപ്പെട്ടു. അദ്ദേഹം പുറത്തിറങ്ങി. വിചാരണ കാലയളവിൽ മരണപ്പെട്ട ഒരു നേതാവ് കൂടി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നിരുന്നാലും പാർട്ടി നേതാക്കളും പാർട്ടി ക്രിമിനലുകളും ജയിലിലായി.
സെൻട്രൽ ജയിലിൽ കിടക്കുന്ന കൊലയാളി മുഹമ്മദ് ഷാഫിയുടെ കല്യാണം പരോൾ കാലത്ത് നിന്ന് നടത്തികൊടുത്തത് തലശേരി എംഎൽഎ… കിർമാണി മനോജിന്റെ കല്യാണം നടത്തിയത് പാർട്ടി നേരിട്ട്…കൊടി സുനിക്കും ടി.കെ രജീഷിനും എം സി അനൂപിനും എന്നുവേണ്ട എല്ലാ കൊലയാളികൾക്കും നിയമസഹായവും രാഷ്ട്രീയ സഹായവും നൽകിയത് കോഴിക്കോട്ടെയും കണ്ണൂരിലെയും പാർട്ടി.
ഇനി എം.എം മണി പറ, കെ.കെ. രമ എങ്ങനെയാണു വിധവയായത്?

അവരുടെ ഭർത്താവിനെ ആരാണ് വെട്ടിനുറുക്കി കൊന്നത്? ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞിന് എങ്ങനെയാണ് അച്ഛനില്ലാതായത്?
കെ.സി.ബിപിൻ