പോസ്റ്റ്മാൻ ഇനി ദോശമാവും ഇഡ്ഡലിമാവുമായി വരും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

ബംഗളൂരു: പോസ്റ്റുമാൻ ഇനി കത്തും മണിയോർഡറും മാത്രമല്ല ദോശയും, ഇഡ്ലി മാവും ചട്ട്ണിപ്പൊടിയും പൊങ്കൽ പാക്കറ്റും വീട്ടുപടിക്കൽ എത്തിക്കും. പുതിയ പദ്ധതിയുടെ പ്രവർത്തനം തപാൽ വകുപ്പ് ബെംഗളൂരുവിൽ ആരംഭിച്ചു. കാലത്തിനനുസരിച്ച് വകുപ്പിനെ വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.
ആദ്യ ബാച്ച് മാവിന്റെ പാക്കകറ്റുകൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ നഗരത്തിലെ ഏതാനും വീടുകളിൽ എത്തിച്ച് ട്രയൽ റൺ നടത്തി. ഈ വ്യാപാരം കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാനായാൽ ഭാവിയിൽ വലിയ വരുമാന സാധ്യതയാണ് വകുപ്പ് കാണുന്നത്.

ബംഗളൂരുവിലുടനീളം പൈലറ്റ് അടിസ്ഥാനത്തിൽ ജനപ്രിയ ഹലിമാൻ ഗ്രൂപ്പപിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വിതരണം ആരംഭിച്ചതായി കർണാടക സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ എസ് രാജേന്ദ്ര കുമാർ പറഞ്ഞു.
തപാൽ വകുപ്പിന്റെ പതിവ് വിതരണ സമയം കഴിഞ്ഞാലും ബിസിനസ് പാഴ്സലുകൾ നിലവിൽ വകുപ്പ് ബുക്ക് ചെയ്യുന്നുണ്ട്. ചെറിയ രീതിയിൽ തുടങ്ങിയതാണെങ്കിലും ജനപ്രീതി വർധിച്ചാൽ ഫുഡ് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ ഓർഡർ ചെയ്യുന്ന രീതിയാണ് പരിഗണിക്കാൻ ഉദ്ദേശിക്കുന്നത്. അത് തപാൽ വകുപ്പിന് ആകർഷകമായ ബിസിനസ് മേഖലയായി മാറും.
ഇപ്പോൾ തപാൽ വിതരണ ജീവനക്കാർ തന്നെയാണ് ഇത്തരം ജോലി ചെയ്യുന്നതെങ്കിലും, പൊതുജനങ്ങളിൽ നിന്നും കൂടുതൽ ആവശ്യം ഉയർന്നുവന്നാൽ ഭാവിയിൽ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കാൻ കഴിയും.
ഭക്ഷണ വിതരണം ചെയ്യുന്ന മറ്റ് ഓൺലൈൻ ഏജന്റുമാരുമായുള്ള മത്സരം അദ്ദേഹം തള്ളിക്കളഞ്ഞു. ‘റെസ്റ്റോറന്റുകളിൽ നിന്ന് ഉടനടി ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ മാത്രമേ ഞങ്ങളുടെ വകുപ്പ് വിതരണം ചെയ്യുകയുള്ളൂ. ഹാലിമാനോ മറ്റ് സ്ഥാപനങ്ങൾക്കോ കേടുവരുന്ന ഉൽപന്നം ടെട്രാ പാക്കുകളിൽ വയ്ക്കാൻ കഴിയുമെങ്കിൽ, കുറച്ച് ആളുകൾക്ക് ഇത് പുതുമയുള്ള കാര്യമായിരിക്കും.
