സുരേഷ് ഗോപിയുടെ നായികയായി
ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനുഷ്‌ക ഷെട്ടി. അനുഷ്‌കയുടെ കരിയർ തന്നെ മാറ്റിമറിച്ചത് ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്.

ദേവസേന എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ അതുപോലെ നിൽക്കുന്നു. ഇപ്പോഴിതാ ഒരു മലയാള ചിത്രത്തിൽ നായികാ വേഷത്തിൽ അനുഷ്‌ക്കയെത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി പാലാക്കാരൻ അച്ചായന്റെ വേഷത്തിൽ എത്തുന്നു. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനിലെ നായികയാവുന്ന അനുഷ്‌കയ്ക്കും.

ബിജു മേനോൻ, ജോണി ആന്റണി ഉൾപ്പെടെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. വിദേശത്ത് ഉൾപ്പെടെ നിരവധി ലൊക്കേഷനുകളിൽ വൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.

ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പാവാട, കോമ്രേഡ് ഇൻ അമേരിക്ക, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിൻ ഫ്രാൻസിസ് ആണ തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമ്മാണം.


