പൂതേരി കോരുജി നാടിനുവേണ്ടി ജീവിതം സമർപ്പിച്ച നേതാവ്
: എം നാരായണൻ മാസ്റ്റർ

ഫറോക്ക്: പൂതേരി കോരുജി നാടിനു വേണ്ടി സ്വജീവിതം സമർപ്പിച്ച നേതാവായിരുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റു നേതാവുമായിരുന്ന പൂതേരി കോരുജിയുടെ 44ാം ചരമവാർഷികത്തിൽ സി പി ഐ ഫറോക്ക് ലോക്കൽ കമ്മിറ്റി അമ്പലങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോരുജിയുടെ ജീവിതം പുതിയ കാലത്തെ പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോരുജിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഭാത് ഗ്രന്ഥശാലാ പുരസ്‌കാരം മണ്ണൂർ ജ്ഞാനോദയം വായനശാലയ്ക്കു സമർപ്പിച്ചു.
ഗ്രന്ഥശാലാ ഭാരവാഹികളായ പി ബാലസുബ്രമണ്യം, എം സീഷ്മ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
യോഗത്തിൽ ഒ ഭക്തവത്സലൻ അധ്യക്ഷനായി. സി പി ഐ ജില്ലാക്കമ്മിറ്റി അംഗങ്ങളായ പിലാക്കാട്ട് ഷൺമുഖൻ, റീന മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, നരിക്കുനി ബാബുരാജ്, വിജയകുമാർ പൂതേരി , പി മുരളീധരൻ, ബാബുരാജ് കാട്ടീരി, എം ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
