ഗുരുപൂർണിമ: ഗുരുഭക്തിയിൽ ശിഷ്യർ;
രാജേന്ദ്രാനന്ദ സൂര്യവംശിക്ക് പാദപൂജ

നെയ്യാറ്റിൻകര: ഗുരുഭക്തിയോടെ ശിഷ്യർ പാലും തേനും പനിനീരും ഇളനീരും നെയ്യും സമർപ്പിച്ച് ആചാര്യൻ രാജേന്ദ്രാനന്ദ സൂര്യവംശിക്ക് പാദപൂജ നടത്തി. വ്‌ളാങ്ങാമുറി ഗുരുമന്ദിരം ആശ്രമത്തിൽ നടന്ന ഗുരുപൂർണിമ മഹോത്സവത്തിലാണ് വ്യാസമന്ത്രജപത്തോടെ ഗുരുപാദപൂജ നടന്നത്.
മന്ത്രദീക്ഷ സ്വീകരിച്ച 120 ഗുരുഭക്തരാണ് ആദ്യ പാദപൂജ നടത്തിയത്. ശേഷം നൂറുകണക്കിന് ഭക്തർ പാദനമസ്‌ക്കാരം ചെയ്ത് സായൂജ്യരായി. സഹജീവി സ്‌നേഹത്തോടെ ജീവിതത്തിനും മരണത്തിനും ഇടയിലെ ചെറിയകാലം ജീവിച്ചു തീർക്കുകയെന്ന സന്ദേശമാണ് ഇക്കുറി രാജേന്ദ്രാനന്ദ സൂര്യവംശി ഭക്തർക്ക് നൽകിയ സന്ദേശം. ദർശനം സത്സംഗം, ഭജന, പ്രസാദ വിതരണം, സമൂഹസദ്യ എന്നിവ നടന്നു.

സൂര്യവംശി അഖാഡ ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ, ആശ്രമം കാര്യദർശി ശിവാകൈലാസ്, കുഴയ്ക്കാട് ദേവീക്ഷേത്രം ചെയർമാൻ സുനിൽ കുമാർ, ബ്രഹ്മസ്ഥാന ക്ഷേത്ര മേൽശാന്തി രാമദാസാനന്ദ, വാസുദേവാനന്ദ, സേതുക്കുട്ടിയമ്മ, വിമൽ, അജേഷ് അമ്പൂരി, നിപു നേതൃത്വം നൽകി.