നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറി; ഫോറൻസിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിനു ലഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫൊറൻസിക് ലാബിലാണ് കാർഡ് പരിശോധിച്ചത്.
മൂന്നു തീയതികളിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നാണ് പരിശോധനാ ഫലമെന്നാണ് സൂചന. ഈ മൂന്നു തീയതികളിലും ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാവാം. മെമ്മറി കാർഡ് മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയിൽ ആയിരുന്ന കാലത്താണ് ഹാഷ് വാല്യൂ മാറിയത് എന്നാണ് അറിയുന്നത്.
2020 ജനുവരി 29ന് കേന്ദ്ര ഫോറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ഈ ആവശ്യം അംഗീകരിച്ചത്.