വി.കെ.കൃഷ്ണ മേനോൻ ഫൗണ്ടേഷൻ;
നയതന്ത്രപ്രതിഭയ്ക്ക് ജന്മനാടിന്റെ സ്‌നേഹാദരം

കോഴിക്കോട്: വി.കെ.കൃഷ്ണ മേനോൻ ഫൗണ്ടേഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു.സമാനതകളില്ലാതെ ജീവിച്ച ഒരു ഇതിഹാസ പുരുഷനായിരുന്നു വെങ്ങലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി കെ കൃഷ്ണമേനോൻ. ദേശീയവാദിയായ പോരാളിയും തേരാളിയും ആയിരുന്ന കൃഷ്ണമേനോൻ അംബാസഡർ, ഫോറിൻ പോളിസി അഡൈ്വസർ തുടങ്ങി രാജ്യത്തും വിദേശത്തും നിരവധി സുപ്രധാന പദവികളാണ് അലങ്കരിച്ചിരുന്നത്. ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിൽ നെഹ്റുവിന്റെ പ്രധാന സഹായിയായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്ക 2008ലും ബംഗ്ലാദേശ് 2013ലും മരണാനന്തര ബഹുമതി നൽകി ആദരിക്കുകയും ലോകം മുഴുവൻ പ്രശംസിക്കുകയും ചെയ്യുന്ന കൃഷ്ണമേനോനെ കോഴിക്കോട് നഗരം, വിശിഷ്യാ പുതുതലമുറ മറന്നുകൂടാ എന്ന ചിന്തയിൽനിന്നാണ് ഇത്തരം ഒരു ഫൗണ്ടേഷന് രൂപം നൽകിയതെന്ന് മുഖ്യസംഘാടകനായ എം.കെ. രാഘവൻ എം.പി. സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. ശശി തരൂർ എം പി അദ്ധ്യക്ഷത വഹിച്ചു. മേയറും ശ്രേയാംസ് കുമാറും പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടും ആശംസ അർപ്പിച്ചു. ആർക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
ചേരിചേരാ നയരൂപീകരണത്തിൽ നെഹ്‌റുവിനൊപ്പം മുൻപന്തിയിൽ നിന്ന മേനോനെ അനുസ്മരിക്കുന്ന പ്രദീപ് ഹൂഡിനോയുടെ ശ്രദ്ധേയമായ മാന്ത്രിക വിസ്മയത്തോടെ പരിപാടി ആരംഭിച്ചു.


‘ശാക്തിക ചേരി’ എന്നെഴുതിയ കടലാസിനെ കത്തിച്ച് മാന്ത്രിക ചെപ്പിലിട്ടപ്പോൾ അത് കൃഷ്ണമേനോന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ട സുവർണ്ണഹാരമായി മാറി, ഒന്നല്ല, രണ്ട്. അതിലൊന്ന് മാന്ത്രികന്റെ അഭ്യർത്ഥന പ്രകാരം ശശി തരൂർ ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ അണിയിച്ചു. രണ്ടാമത്തേത് മേയറും ഗവർണറും ചേർന്ന് ശശി തരൂരിനെയും അണിയിച്ചു.

വി.കെ. കൃഷ്ണമേനോൻ:ജീവിതരേഖ
1896 മേയ് 3-ന് അന്നത്തെ ബ്രിട്ടീഷ് മലബാറിലെ കോഴിക്കോട്, പന്നിയങ്കര വില്ലേജിൽ പ്രശസ്തമായ വെങ്ങലിൽ കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പ്രശസ്തമായ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി.
ആനി ബസന്റ് സ്ഥാപിച്ച ഹോം റൂൾ മൂവ്മെന്റുമായുള്ള ബന്ധം 1924-ൽ ഇംഗ്ലണ്ടിലേക്ക് പോകാൻ അദ്ദേഹത്തെ സഹായിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും മേനോൻ തന്റെ വിദ്യാഭ്യാസം തുടർന്നു. ട്വന്റിയത് സെഞ്ച്വറി ലൈബ്രറിയിൽ എഡിറ്ററായും പിന്നീട് പെൻഗ്വിൻ, പെലിക്കൻ ബുക്‌സുമായുമെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ചു.

ഒരു സോഷ്യലിസ്റ്റ് ആയിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ ലേബർ പാർട്ടിയിൽ ചേർന്നു, പാർട്ടി കൗൺസിലറായി പലതവണ തിരഞ്ഞെടുക്കപ്പെട്ടു.
ഈ കാലയളവിൽ, ജവഹർലാൽ നെഹ്റുവുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു, അത് അവരുടെ ജീവിതാന്ത്യം വരെ നീണ്ടുനിന്നു. ഒരു പത്ര പ്രവർത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച മേനോൻ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശഭരിതനായ വക്താവായിരുന്നു.
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിതനായി
1952ൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധിയായി നിയമിതനായി, 1962 വരെ ആ പദവിയിൽ സേവനമനുഷ്ഠിച്ചു.
സങ്കീർണ്ണമായ പല അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്‌നങ്ങളിലും നയതന്ത്ര പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
1953 ൽ മദ്രാസ് പ്രവിശ്യയിൽ നിന്ന് രാജ്യസഭാംഗമായി. അന്നത്തെ സോവിയറ്റ് യൂണിയനിലേക്കുള്ള എക്‌സിക്യൂട്ടീവ് സന്ദർശനത്തിനിടെ ജോസഫ് സ്റ്റാലിന്റെ മരണത്തിന് തൊട്ട് മുമ്പ് അദ്ദേഹത്തെ സന്ദർശിച്ച അവസാന വിദേശ ഉദ്യോഗസ്ഥനായിരുന്നു മേനോൻ.
1956 ൽ അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ മന്ത്രിയായി അംഗമായി
1957ൽ നോർത്ത് ബോംബെ നിന്ന് വിജയിച്ച മേനോനെ നെഹറു ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ഒരു പ്രതിരോധ മന്ത്രി എന്ന നിലയിൽ, അദ്ദേഹം സൈന്യത്തിനുള്ളിലെ സീനിയോറിറ്റി സമ്പ്രദായം താൽക്കാലികമായി നിർത്തി, പകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രമോഷൻ രീതിയാക്കി മാറ്റി.
1957 ജനുവരി 23ന്, യുഎൻൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച്, അഭൂതപൂർവമായ എട്ട് മണിക്കൂർ നീണ്ട പ്രസംഗം നടത്തി.
1961ൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 1962-ൽ ചൈന ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു, തുടർന്നു നടന്ന യുദ്ധം ഇന്ത്യയുടെ ചേരിചേരാ നയത്തിന് താൽക്കാലികമായ ഒരു തിരിച്ചടിയായി.

യുദ്ധത്തിൽ ഇന്ത്യയുടെ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ചു.
കോൺഗ്രസ് പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 67ൽ അദ്ദേഹം നോർത്ത് ഈസ്റ്റ് ബോംബെ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു
69-ൽ ബംഗാളിലെ മിഡ്നാപൂരിൽ നിന്ന് സ്വതന്ത്രനായി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. തന്റെ എതിരാളിയെ 106767 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
1971ൽ മേനോൻ തന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിലെ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ചു ജയിച്ചു.
1974 ഒക്ടോബർ 6-ന് എഴുപത്തെട്ടാമത്തെ വയസ്സിൽ, ഡൽഹിയിൽ വെച്ച് അദ്ദേഹം അന്തരിച്ചപ്പോൾ ‘ഒരു അഗ്‌നിപർവ്വതം കെട്ടടങ്ങി’ എന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതികരിച്ചത്.