മല്ലികാ ബാണൻ തന്റെ വില്ലെടുത്തപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം
കൊല്ലത്തെ കശുവണ്ടി വ്യവസായ പ്രമുഖനായിരുന്ന രവീന്ദ്രൻനായരുടെ ‘ജനറൽ പിക്‌ച്ചേഴ്‌സ് ‘ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണത്തിലൂടെ മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ ബാനറായിരുന്നു. ഇവരുടെ ആദ്യ ചിത്രമായ ‘ അന്വേഷിച്ചു കണ്ടെത്തിയില്ല’ 1967-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയുണ്ടായി…
ജനറൽ പിക്‌ച്ചേഴ്‌സിന്റെ സിനിമകളിലൂടെയാണ് അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചലച്ചിത്ര സംവിധായകർ പ്രശസ്തിയുടേയും അംഗീകാരങ്ങളുടേയും സോപാനങ്ങളിലേക്ക് കയറിപ്പോയത്. 1973ൽ ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ച ‘അച്ചാണി ‘ എന്ന ചലച്ചിത്രം ജനപ്രീതി കൊണ്ടും കലാമൂല്യം കൊണ്ടും ഉജ്ജ്വലഗാനങ്ങൾ കൊണ്ടും മലയാളസിനിമയിൽ ഒരു നാഴികക്കല്ലായി മാറി. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് ശേഷം രവീന്ദ്രൻനായർ ‘അച്ചാണി രവി ‘ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപ്പെട്ടത്.

ഈ ചിത്രത്തിൽ നിന്നും ലഭിച്ച ലാഭം മുഴുവൻ അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണുണ്ടായത്. കാല്ലത്തെ പബ്ലിക് ലൈബ്രറിയും സോപാനം കലാകേന്ദ്രവുമെല്ലാം അച്ചാണി രവിയുടെ വിലയേറിയ സംഭാവനകളാണ്.
കാരക്കുടി നാരായണന്റെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയെഴുതി എ വിൻസെന്റ് സംവിധാനം ചെയ്ത അച്ചാണിയിൽ
പ്രേംനസീർ, നന്ദിതബോസ്, സുധീർ, സുജാത, അടൂർ ഭാസി, വിൻസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അഭിനയിച്ചത്…

പി ഭാസ്‌കരന്റെ ഗാനങ്ങൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്നു…
ഗാനഗന്ധർവനായ യേശുദാസ് ഈ സിനിമയിൽ യേശുദാസായി തന്നെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതും ചിത്രത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണമായി.
‘എന്റെ സ്വപ്‌നത്തിൻ
താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതി ….. ‘
എന്ന ഗാനം യേശുദാസ് തന്നെ പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. കൂടാതെ ജയചന്ദ്രനും മാധുരിയും പാടി എക്കാലത്തേയും സൂപ്പർ ഹിറ്റായ
‘ മല്ലികാ ബാണൻ
തന്റെ വില്ലെടുത്തു
മന്ദാര മലർ കൊണ്ടു
ശരം തൊടുത്തു …..’
എന്ന ഗാനവും യുവഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ ഇക്കിളി കൊള്ളിച്ചു…
‘സമയമാം നദി പുറകോട്ടൊഴുകി …… ( പി സുശീല )
‘മുഴുതിങ്കൾ മണിവിളക്കണഞ്ഞു ….. (പി സുശീല )
‘നീലനീലസമുദ്രത്തിനക്കരെയായി …. ( മാധുരി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റ് ഗാനങ്ങൾ . 1973 ജൂലൈ 12ന് വെള്ളിത്തിരകളിലെത്തിയ അച്ചാണി എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലിയിലേക്ക് കടക്കുകയാണ് ……

സമയമാം നദി പുറകോട്ടൊഴുകുമ്പോൾ കഴിഞ്ഞ 50 വർഷത്തിനിടയിൽ അച്ചാണിക്ക് മമ്മൂട്ടിയുടെ വാത്സല്യമടക്കം മലയാളത്തിൽ തന്നെ മൂന്നോ നാലോ പതിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ ഗാനങ്ങളെ മറികടക്കാൻ പിന്നീടു വന്ന ഒരു ചിത്രത്തിനും കഴിഞ്ഞില്ല എന്നുള്ളത് അച്ചാണിയുടെ തിളക്കത്തിന് മാറ്റു കൂട്ടുന്നു…
( പാട്ടോർമ്മകൾ @ 365 )