എന്നാലും ശ്രീലേഖേ, ആ പാവം പെൺകുട്ടിയെ ഓർത്തെങ്കിലും ഇങ്ങനെ വിടുവായത്തരം പറയരുതേ

തിരുവനന്തപുരം: പ്രമുഖ നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതിയായ ദിലീപിനെ രക്ഷപ്പെടുത്താനുള്ള ശ്രമവുമായി വീണ്ടും ശ്രീലേഖ രംഗത്തെത്തി. ‘സസ്‌നേഹം ശ്രീലേഖ’യെന്ന തന്റെ യുട്യൂബ് ചാനലിലൂടെരയാണ് മുൻ ജയിൽ ഡിജിപിയുടെ ഈ വെള്ളപൂശലുകൾ.

ദിലീപ് കുറ്റക്കാരനേ ആയിരുന്നില്ലെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലത്രെ.
കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ. സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല.

തന്റെ സർവീസ് കാലത്തു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ, ശ്രീലേഖ ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇത് ദിലീപിനെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വാദമാണ് ശ്രീലേഖ ഉയർന്നത്. അന്ന് കേസ്സന്വേഷണത്തിന് നേതൃത്വം നൽകിയത് പി സന്ധ്യ ഐപിഎസായിരുന്നു.
ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. ശ്രീലേഖയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ കേസിനെ കൂടുതൽ ദുർബലപ്പെടുത്തുമോ എന്നാണ് അതിജീവിതക്കൊപ്പമുള്ളവർ ആശങ്കപ്പെടുന്നത്. പി ശശി പൊലീസിന്റെ ചുമതല ഏറ്റതിന് ശേഷം കേസിനെ ദുർബലപ്പെടുത്തും വിധത്തിൽ സർക്കാർ നീക്കമുണ്ടാകുന്നു എന്ന ആരോപണം ശക്തമായിരുന്നു. ശ്രീജിത്തിനെ കേസ് അന്വേഷണം ചുമതലയിൽ നിന്നും മാറ്റിയത് അടക്കം വിവാദങ്ങൾക്കും വഴിവെക്കുകയുണ്ടായി.
അറസ്റ്റിലായ ശേഷം ദിലീപ് ജയിലിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞും ശ്രീലേഖ കണ്ണീർ വാർക്കുന്നുണ്ട്. ബുദ്ധിമുട്ടുകൾ മനസ്സിലാക്കി താനാണ് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നിർദേശിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയോടും ഡിജിപി യോടും പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.