INDIA Main Banner TOP NEWS

ഇളയരാജയ്ക്ക് തമിഴ്‌നാട്ടിൽ അഭിനന്ദനപ്പെരുമഴ;
പി.ടി.ഉഷയ്ക്ക് കേരളത്തിൽ അവഹേളനം

തിരുവനന്തപുരം: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇളയരാജയെ തമിഴ്‌നാട്ടുകാർ അഭിനന്ദനം കൊണ്ട് മൂടുമ്പോൾ കേരളത്തിന്റെ അഭിമാനതാരമായ പി.ടി. ഉഷക്ക് നേരെ അപമാനവും അവഹേളനവും. സിപിഎം കേന്ദ്രകമ്മിറ്റിഅംഗം എളമരം കരീം കഴിഞ്ഞ ദിവസം പൊതുവേദിയിൽ വച്ചാണ് കേരളത്തിന്റ സുവർണതാരത്തെ ആക്ഷേപിച്ചത്.


ഇപ്പോൾ കേരളത്തിൽ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്- എളമരം കരീമിന്റെ അധിക്ഷേപം ഇങ്ങനെയൊയിരുന്നു. മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെയും മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കരീമിന്റെ പ്രതികരണം.
അയോദ്ധ്യ കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്ലറ്റ് പി.ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയുമടക്കം നാലുപേരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രം പരമ്പരാഗത ധർമ്മാധികാരി വീരേന്ദ്ര ഹെഡ്ഡേ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് രണ്ടുപേർ.
ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് പി.ടി ഉഷ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹ മാധ്യമങ്ങളിലെല്ലാം ഇളയരാജയ്ക്ക് അഭിനന്ദന കുറിപ്പുകളെഴുതി. മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ എഴുതിയ കുറിപ്പ് മാത്രമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്.
വ്യാഴാഴ്ച വൈകീട്ടുവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലോ വ്യക്തിഗത പേജിലോ പി.ടി. ഉഷക്ക് അഭിനന്ദനമില്ല. കായികമന്ത്രി വി. അബ്ദുറഹ്മാൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ എന്നിവരാരും പ്രതികരിച്ചിട്ടില്ല. സംഘ്പരിവാർ ബന്ധമാണ് ഉഷയോടുള്ള തണുത്ത പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ആഘോഷിച്ചത് ബി.ജെ.പി നേതാക്കൾ മാത്രമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *