50 വർഷമായിട്ടും നിറം മങ്ങാത്ത ചെമ്പരത്തിപ്പൂവ്

സതീഷ് കുമാർ വിശാഖപട്ടണം
1972 ജൂലൈ 7ാം തീയതി തിയേറ്ററുകളിലെത്തിയ ‘ചെമ്പരത്തി ‘എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ്…
എഴുപതുകളിലെ ഒരു വസന്ത കാലത്തിൽ വിരിഞ്ഞ ഈ ചെമ്പരത്തി പൂവിന്റെ ഇതളുകളാകുന്ന ഗാനങ്ങളുടെ ശോഭ ഒരിക്കലും ഒളി മങ്ങിയിട്ടില്ലെന്ന് നിസ്സംശയം പറയാം…വയലാറിന്റെ കാവ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കവിത എഴുതപ്പെടുന്നതും ഈ ചിത്രത്തിന് വേണ്ടിയായിരുന്നു.
‘ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ നഗ്‌നപാദയായി
അകത്തു വരൂ …..’
എന്ന ഗാനം ഇന്നും സംഗീതപ്രേമികൾ രോമാഞ്ചത്തോടെയാണ് ഓർത്തു പാടുന്നത്.


മലയാളനാട് വാരികയുടെ സ്ഥാപകനായിരുന്ന എസ് കെ നായർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് 1972ലാണ്. ഭാര്യയുടെ അമ്മാവനായ ജനറൽ പിക്‌ചേഴ്‌സ് രവിയായിരിക്കാം എസ്.കെ.നായർക്ക് സിനിമാരംഗത്തേക്ക് കടന്നുവരുവാൻ പ്രചോദനമേകിയതെന്നു തോന്നുന്നു. സുഹൃത്തായ മലയാറ്റൂർ രാമകൃഷ്ണന്റെ ‘ലോഡ്ജ് ‘എന്ന ചെറുകഥയാണ് അദ്ദേഹം സിനിമയാക്കാൻ തിരഞ്ഞെടുത്തത്.
കെ എസ് സേതുമാധവനേയോ എ വിൻസെന്റിനേയോ സംവിധാന ചുമതല ഏൽപ്പിക്കണമെന്നായിരുന്നു എസ് കെ നായരുടെ ആഗ്രഹം. എന്നാൽ രണ്ടു പേർക്കും തിരക്കായതിനാൽ വയലാർ രാമവർമ്മയാണ് പി എൻ മേനോൻ എന്ന സംവിധായകനെ എസ് കെ നായർക്ക് പരിചയപ്പെടുത്തി കൊടുത്തത്.

ഇന്ത്യൻ താരറാണിയായിരുന്ന ശ്രീദേവി ബാലതാരമായി അഭിനയിച്ച ‘പൂമ്പാറ്റ ‘എന്ന ചിത്രത്തിലെ സഹതാരമായിരുന്ന ഹൈദരാബാദ് സ്വദേശിനിയായ പതിനാലുകാരി റോജാ രമണിയായിരുന്നു ചിത്രത്തിലെ നായിക. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതും താരതമ്യേനേ രണ്ടു പുതുമുഖങ്ങളായിരുന്നു. പിൽക്കാലത്ത് താരപദവി നേടിയെടുത്ത രാഘവനും സുധീറും…ഇവർ ചലച്ചിത്ര വേദിയിൽ ശ്രദ്ധിക്കപ്പെടുന്നതും ഈ ചിത്രത്തിലൂടെയാണ്.
മലയാറ്റൂർ രാമകൃഷ്ണൻ തന്നെ തിരക്കഥയെഴുതി ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ പുറത്തുവന്ന് വമ്പൻ വിജയം നേടിയെടുത്ത ‘ ചെമ്പരത്തി ‘ എന്ന ചിത്രം മൂന്നു പുതുമുഖങ്ങളെ സംഭാവന ചെയ്തു കൊണ്ട് മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു….


പല പ്രത്യേകതകൾ കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു ചെമ്പരത്തി എന്ന ചലച്ചിത്രം. നായികയായ റോജാ രമണി ‘ശോഭന ‘എന്നപേരിൽ അഭിനയിച്ചു എന്ന് മാത്രമല്ല പിന്നീട് ‘ചെമ്പരത്തി ശോഭന ‘ എന്ന പേരിലാണ് അവർ മലയാള സിനിമയിൽ അറിയപ്പെട്ടത്. വയലാറിന്റെ കാവ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ കവിത എഴുതപ്പെടുന്നതും ഈ ചിത്രത്തിന് വേണ്ടിയായിരുന്നു.


‘ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ നഗ്‌നപാദയായി
അകത്തു വരൂ …..’
എന്ന ഗാനം ഇന്നും സംഗീതപ്രേമികൾ രോമാഞ്ചത്തോടെയാണ് ഓർത്തു പാടുന്നത്. കേരളത്തിന് ദേശീയ പ്രശസ്തി നേടിക്കൊടുത്ത ശബരിമല തീർത്ഥാടനത്തിന്റെ പവിത്രമായ കെട്ടുനിറചടങ്ങിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ‘ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ …….’
എന്ന അയ്യപ്പഭക്തിഗാനം പിന്നീട് ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ പുറത്തിറങ്ങിയിട്ടും ഇന്നും പ്രഥമസ്ഥാനത്ത് തന്നെ നിലനിൽക്കുകയാണ്. ഈ ഗാനത്തിന് സംഗീതം പകർന്ന ദേവരാജൻ മാസ്റ്റർ തന്റെ നാട്ടിലെ ഒരു അയ്യപ്പഭജനാസംഘത്തെ മദ്രാസിൽ കൊണ്ടു വന്ന് വെറും ഉടുക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം റെക്കോഡ് ചെയ്തതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
‘കുണുക്കിട്ട കോഴി
കുളക്കോഴി
കുന്നിൻചെരുവിലെ വയറ്റാട്ടി …….
‘അമ്പാടിതന്നിലൊരുണ്ണി അഞ്ജന കണ്ണനാമുണ്ണി …… ‘
എന്നീ ഗാനങ്ങൾ മാധുരിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളായിട്ടാണ് ഇന്നും പരിഗണിക്കപ്പെടുന്നത്.
1972 ജൂലൈ 7ാം തീയതി തിയേറ്ററുകളിലെത്തിയ ‘ചെമ്പരത്തി ‘എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ്…
എഴുപതുകളിലെ ഒരു വസന്ത കാലത്തിൽ വിരിഞ്ഞ ഈ ചെമ്പരത്തി പൂവിന്റെ ഇതളുകളാകുന്ന ഗാനങ്ങളുടെ ശോഭ ഒരിക്കലും ഒളി മങ്ങിയിട്ടില്ലെന്ന് നിസ്സംശയം പറയാം…