സജി ചെറിയാൻ ഒടുവിൽ രാജിവച്ചു

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഒടുവിൽ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിവന്നത്.

പാർട്ടിയുടെ കേന്ദ്ര നേതൃത്വം രാജി അവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രിസഭായോഗം കഴിഞ്ഞ ഉടനെ വാർത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു.
കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തെത്തുടർന്ന് 2018ൽ നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ നടന്നുകയറിയത് സിപിഎമ്മിന്റെ മുൻനിര നേതാവെന്ന പദവിയിലേക്കാണ്. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ട സ്വന്തം നാട്ടിലേക്ക് രക്ഷാപ്രവർത്തകരുടെ ശ്രദ്ധയെത്തിക്കാൻ മാദ്ധ്യമങ്ങൾക്ക്് മുന്നിൽ പൊട്ടിക്കരഞ്ഞ് വ്യത്യസ്ത രാഷ്ട്രീയ മുഖമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് വീണ്ടും ജയിച്ചുകയറിയ സജി ചെറിയാനെ കാത്തിരുന്നത് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനം. പക്ഷേ, ഒരൊറ്റ പ്രസംഗത്തിലൂടെ എല്ലാം തകർന്നടിഞ്ഞു…