KERALA Main Banner TOP NEWS

സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം; ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം വിവരമില്ലായ്മയെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാൽ പാഷ. അക്ഷരാഭ്യാസമുള്ള ഒരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയെന്ന നിലയിൽ പറഞ്ഞത്. ഇവരാരും ജനിച്ചുവീണപ്പോൾ മന്ത്രിയായതല്ല. രാജ്യത്ത് ജനാധിപത്യം എന്നൊരുവിശ്വാസം ഉള്ളതുകൊണ്ടാണ് മന്ത്രിയായത്. ചൂഷണമെന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കെമാൽ പാഷ പറഞ്ഞു.
ഭരണഘടനയോട് നിർവ്യാജമായ കൂറ് പുലർത്താമെന്ന് പറഞ്ഞ്് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി, ആ ഭരണഘടനയിൽ എഴുതിവച്ചത് എന്താണെന്ന് വായിച്ചുമനസിലാക്കാനുള്ള കഴിവ് എങ്കിലും കാണിക്കണം. അല്ലെങ്കിൽ എന്താണ് എഴുതിവച്ചതെന്ന് ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. സത്യപ്രതിജ്ഞ ചെയ്ത വാചകങ്ങളെങ്കിലും ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. അല്ലാതെ മന്ത്രി സ്ഥാനത്തിരുന്നു എന്തും പുലമ്പരുതെന്നും കെമാൽ പാഷ പറഞ്ഞു.
സജി ചെറിയാൻ ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത.് മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ചോദിച്ച് വാങ്ങണം. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ല. മുൻപ് മന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെക്കാൾ നാലിരിട്ടി ഗുരുതരമായ ആരോപണമാണ് സാംസ്‌കാരിക മന്ത്രി പറഞ്ഞത്. ഇങ്ങനെയുള്ളവരെ വേണം സാംസ്‌കാരിക മന്ത്രിയാക്കാൻ. കഴിയുമെങ്കിൽ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നും കെമാൽ പാഷ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്ന് സജി ചെറിയാൻ
ബ്രിട്ടീഷുകാർ പറഞ്ഞത് അതേപടി പകർത്തിവച്ചു

ഭരണഘടനക്കെതിരായി അതിരൂക്ഷമായ ആരോപണങ്ങളാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി പകർത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും’ -സജി ചെറിയാൻ പറഞ്ഞു.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞു.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റുമെന്നും സജി ചെറിയാൻ ചോദിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *