ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ
ബഷീർ സ്‌ക്വയർ

മുക്കം:ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മയ്ക്കായി നിർമ്മിച്ച നാഷണൽ സർവീസ് സ്‌കീം നിർമിച്ച ബഷീർ സ്‌ക്വയർ നാടിന് സമർപ്പിച്ചു. ബഷീറിൻറെ ഓർമ്മകളുടെ ഇടം എന്ന നിലയിലാണ് സ്‌ക്വയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഷീറിന് ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പ മരവും ബഷീർ സ്‌ക്വയറിൽ ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന് ഏറെ ആത്മബദ്ധമുള്ള വിദ്യാലയം കൂടിയാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ. ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഹൈസ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് ഈ സ്‌കൂളിലായിരുന്നു.
വിദ്യാലയത്തിന്റെ പടിഞ്ഞാറ് വശത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് സ്‌ക്വയർ. ബഷീർ സ്‌ക്വയറിന്റെ ചുവരിൽ മനോഹരമായി ബഷീറിന്റെ ചിത്രവും കഥാപാത്രങ്ങളുടെ ചിത്രങ്ങളും വരച്ചിരിക്കുന്നത് പ്രദേശത്തെ ചിത്രകാരൻമാരായ പ്രണവം ബാബു,വിനു കൈപ്പട എന്നിവരാണ്.ബഷീർ സ്‌ക്വയറിൽ സ്ഥാപിക്കുന്ന ഫലകത്തിലെ ബഷീറിന്റെ ചിത്രം വരച്ചിരിക്കുന്നത് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അറബിക്ക് അധ്യാപകനായ ഡോ.വി.അബ്ദുൽ ജലീൽ മലപ്പുറം ആണ് .ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി മുർഷാദ് കാരാട്ട് ആണ് ബഷീർ സ്‌ക്വയർ രൂപകല്പനചെയ്തിരിക്കുന്നത്.വിദ്യാലയത്തിൽ വർഷങ്ങളായി ഉപേയാഗ ശൂന്യമായി കിടക്കുന്ന സ്ഥലത്താണ് എൻ.എസ് എസ് വിദ്യാർത്ഥികൾ ബഷീറിനായി സമൃതിയിടം ഒരുക്കിയത്. പുതിയ തലമുറക്ക് ബഷീറിനെയും ബഷീർ സാഹിത്യത്തെയും പരിചയപ്പെടാനും സ്മൃതിയിടം വഴിയൊരുക്കും. എഴുപത്തിഅയ്യായിരം രൂപ ചെലവിലാണ് സ്‌ക്വയർ നിർമിച്ചിരിക്കുന്നത്. മുപ്പത്തി ഏഴായിരത്തോളം രൂപ വളണ്ടിയർമാർ സ്‌ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ചു.
ബഷീർ സ്‌ക്വയർ ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹിമാൻ മുഖ്യാതിഥിയായി . നഗരസഭ കൗൺസിലർ സാറ കൂടാരം ഉപഹാര സമർപ്പണം നടത്തി. നാഷണൽ സർവീസ് സ്‌കീം ജില്ലാ കോ-ഓഡിനേറ്റർ എം.കെ. ഫൈസൽ പദ്ധതി വിശദീകരണം നടത്തി. ബന്ന ചേന്ദമംഗല്ലൂർ ബഷീർ അനുസ്മരണം നടത്തി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ സലീം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ, നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ ,
പി.ടി.എ.പ്രസിഡണ്ട് കെ.പി.യു അലി,സില്ലി.ബി. കൃഷ്ണൻ,പി.കെ അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു.
ചേന്ദമംഗല്ലൂർ യു.പി.സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കൂട്ടായ്മ മഞ്ചാടിയുടെ കുരുന്നുകൾ പാത്തുമ്മയുടെ വേഷമിട്ട് ചടങ്ങിന് നിറം പകർന്നു.ബഷീറിന്റെ കൃതികളുടെ പ്രദർശനവും നടന്നു.
