എന്നും unique ആയി ശിവാനി;
നൃത്തം, സംഗീതം, അഭിനയം, സാഹിത്യം… മലയാളത്തിലെ പുതിയ താരോദയം

ചിപ്പി, ഹോട്ടൽ കാലിഫോർണിയ, ഒളിപ്പോര്, നോർത്ത് 24 കാതം, അമ്മക്കൊരു പൊങ്കാല എന്നീ സിനിമകളിൽ അഭിനയിച്ച് ബിഗ് സ്‌ക്രീനിൽ പുത്തൻ വാഗ്ദാനമായി മാറിയ ശിവാനി പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. അഭിനയമികവിൽ എ പ്ലസ് നേടിയ ഈ മിടുക്കിക്ക് ഹയർ സെക്കണ്ടറി പരീക്ഷയിലും ഫുൾ എ പ്ലസ്.

കലാരംഗത്തെ മികവുകളും തിരക്കുകളുമൊന്നും പഠനവിജയത്തിന് തടസ്സമല്ല എന്ന വലിയൊരു മെസ്സേജാണ് 99.5% മാർക്ക് നേടി ശിവാനി തനിക്ക് പിന്നാലെ വരുന്ന പുതിയ കലാകാരികൾക്കും അവരുടെ രക്ഷിതാക്കൾക്കും നൽകുന്നത്. സ്‌പെഷ്യൽ ട്യൂഷനൊന്നും ഇല്ലാതെത്തന്നെയാണ് ശിവാനി ഈ മികവ് നേടിയെടുത്തത്.
ദീപ വി.ഗോപാൽ ദമ്പതികളുടെ ഏകമകളായ ശിവാനി കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്. സിവിൽസ്റ്റേഷനടുത്താണ് ഇവരുടെ വീട്. ചെറിയ ക്ലാസുകളിൽവെച്ചുതന്നെ നൃത്തം, സംഗീതം, അഭിനയം, മോണോ ആക്റ്റ്, മിമിക്രി, ഓട്ടൻതുള്ളൽ, കവിതാ-കഥാ രചന എന്നീ മേഖലകളിലെല്ലാം ശിവാനി മികവ് തെളിയിച്ചിരുന്നു.

ഈ വിജയഗാഥകൾക്കിടയിലും ചെറിയൊരു നിരാശ… ഒരു ബിഗ് ബഡ്ജറ്റ് തമിഴ് സിനിമയിൽ നിന്നുള്ള ഓഫർ സ്വീകരിക്കാനായില്ല. എക്‌സാമിന്റെ തിരക്കിലായിരുന്നു. ചാനൽ-സ്റ്റേജ് ഷോ അവതരണം, ബ്രാൻഡ് മോഡലിങ്, പ്രോഡക്ട് പ്രൊമോഷൻ, ഡബ്ബിംഗ് തുടങ്ങിയവയ്‌ക്കൊപ്പം സാമൂഹ്യ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ശിവാനി. ശാന്താദേവി അവാർഡ്, ഫിലിം സിറ്റി അവാർഡ്, മലയാള പുരസ്‌കാരം, ചൈൽഡ് ലൈൻ അച്ചീവർ അവാർഡ്, കുഞ്ഞുണ്ണി പുരസ്‌കാരം, എസ്.കെ.പൊറ്റെക്കാട് അവാർഡ് തുടങ്ങി ഒരുപാട് പുരസ്‌കാരങ്ങൾ ശിവാനിയെ തേടിയെത്തിയിട്ടുണ്ട്.
വളരെ പക്വതയോടെ ജീവിതത്തെ നോക്കി കാണുന്ന ശിവാനിയുടെ പ്രതീക്ഷകൾ, ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ട്രൂത്ത് ലൈവുമായി സംസാരിക്കുന്നു.

?? ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 99.5% മാർക്ക്, അതും ട്യൂഷൻ ഇല്ലാതെ, ഷൂട്ടിംഗ് -ഡബ്ബിങ് -അവതരണം എന്നീ തിരക്കുകൾക്കിടയിൽ എങ്ങനെ നേടിയെടുത്തു?
ശിവാനി: വളരെ ചെറിയ പ്രായം മുതൽ തന്നെ കലാപരിപാടികൾക്ക് പോകുമ്പോൾ ക്ലാസുകൾ നഷ്ടപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ‘സെൽഫ് സ്റ്റഡി’ ആണ് മെയിൻ. ബാക്കിയുള്ള കുട്ടികൾ ക്ലാസ്സുകളിൽ പോയി 10 മാസം കൊണ്ട് പഠിക്കുന്ന ടോപിക്‌സ് ഞാൻ വെക്കേഷൻ ടൈമിൽ രണ്ടു മാസം കൊണ്ട് പഠിച്ച് പ്രിപ്പേർഡ് ആയിട്ടിരിക്കും. ആ ഒരു പരിചയം കൊണ്ട് തന്നെ കോവിഡ് കാലഘട്ടത്തിലും ബുദ്ധിമുട്ടുകൾ ഇല്ലാതെ പഠിക്കാൻ കഴിഞ്ഞു.
?? ശിവാനിയുടെ റോൾ മോഡൽ ആരാണ്?
ശിവാനി: എന്റെ റോൾ മോഡൽ ഞാൻ തന്നെയാണ്… (പൊട്ടിച്ചിരി) ഞാൻ വളരെയേറെ സെൽഫ് ലവിങ്, സെൽഫ് സപ്പോർട്ടീവ് ആണ്. അതുകൊണ്ട് തന്നെ മറ്റൊരാളെ മാതൃകയാക്കി ജീവിക്കാൻ എനിക്ക് താല്പര്യമില്ല.
?? ഏറ്റവും ഇഷ്ടപ്പെട്ടതും ഇഷ്ടപെടാത്തതുമായ ഭക്ഷണം?
ശിവാനി: എല്ലാ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഇഷ്ടമാണ്. പൊറാട്ട, കൂൾ ഡ്രിങ്ക്‌സ്, ബർഗർ, ഷവർമ, മധുരപലഹാരങ്ങൾ തുടങ്ങിയവയൊന്നും കഴിക്കാറില്ല.
?? ഇഷ്ടപെട്ട നടൻ അല്ലെങ്കിൽ നടി ആരാണ്?
ശിവാനി: ഓരോ നടനും നടിക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. അതിനാൽ തന്നെ അങ്ങനെയൊരു ഫേവറൈറ്റ് വൺ ഇല്ല.

?? കഥാ, കവിതാ രചനകളിലൊക്കെ സമ്മാനങ്ങൾ നേടിയ ആളാണല്ലോ…പുസ്തകവും പ്രസിദ്ധീകരിച്ചു… സാഹിത്യ രംഗത്ത് ശിവാനിക്കുണ്ടായ മറക്കാൻ കഴിയാത്ത അനുഭവം എന്താണ്?
ശിവാനി: മൂന്നിൽ പഠിക്കുമ്പോഴാണ് ‘മയിൽപീലി’ എന്ന പുസ്തകം ഇറക്കുന്നത്. അതിനു എം.ടി വാസുദേവൻ സാറിന്റെ കൈയ്യിൽനിന്ന് പുരസ്‌കാരവും ലഭിച്ചു. പിന്നീട് കഥകളും കവിതകളുമൊക്കെ പല പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരുപാട് സംസ്ഥാന തല മത്സരങ്ങളിൽ എഴുത്തുമായി ബന്ധപ്പെട്ട് സമ്മാനം നേടാൻ കഴിഞ്ഞു. പത്താം ക്ലാസ്സിലെ ഡിസ്ട്രിക്ട് ലെവൽ കലോത്സവത്തിൽ ഇംഗ്ലീഷ് എസ്സേ മത്സരത്തിന് എനിക്ക് ലഭിച്ച ടോപ്പിക്ക് ഇതായിരുന്നു ‘role of Indian judiciary in safe guarding democracy’. സംസ്ഥാന തലത്തിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെടുകയും അവിടെയും വിന്നർ ആവുകയും ചെയ്തു.
?? ശിവാനിയുടെ ഇഷ്ട അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ആരാണ്?
ശിവാനി: (ഒരു നിമിഷം ആലോചിച്ചിട്ട്) എന്റെ ജീവിതവും എനിക്ക് ചുറ്റുമുള്ള പ്രപഞ്ചവും ആണ് ശരിക്കും എന്റെ ടീച്ചർ. പിന്നെ, പഠിപ്പിച്ച അനേകായിരം ടീച്ചേഴ്‌സിൽ വിരലിലെണ്ണാവും വിധം ചുരുക്കം ചിലർക്ക് മാത്രമേ എന്റെ മനസ്സറിയാൻ കഴിഞ്ഞിട്ടുള്ളു. അവർ എന്നും എപ്പോഴും എന്റെ ഹൃദയത്തോട് തൊട്ട് നിൽക്കും, തീർച്ച.
??ഒരുപാട് വർഷങ്ങൾ മുന്നേ ഉള്ള ശിവാനിയും ഇന്നത്തെ ശിവാനിയും തമ്മിൽ താരതമ്യപെടുത്തമോ?
ശിവാനി: (ചിരിച്ചുകൊണ്ട് ) എന്നിലെ ഒരുപാട് മാറ്റങ്ങൾക്ക് കാലം സാക്ഷിയാണ്. ഓണം, വിഷു പോലുള്ള ആഘോഷങ്ങളെല്ലാം വലിയ ആഹ്ലാദത്തോടെ, ആവേശത്തോടെ, ആകാംഷയോടെ ആഘോഷിച്ചിരുന്ന ഒരു കുട്ടിക്കാലം ആയിരുന്നു എന്റേത്. എന്നാൽ ഇന്ന് അത്തരം ആഘോഷങ്ങളോട് ഞാൻ ഒട്ടും താല്പര്യം കാട്ടാറില്ല… ന്യൂ ഇയർ ദിനം രാത്രി 12 മണിക്ക് വീട്ടിൽ അൽപ്പം ആഘോഷങ്ങൾ എല്ലാ വർഷവും പതിവാണ്. അതുപോലെ മിക്ക ജന്മദിനങ്ങളും ഞാൻ ആഘോഷിക്കാറ് അനാഥാലയത്തിലെയോ, ഓൾഡ് ഏജ് ഹോമിലെയോ ആളുകളുമായിട്ടാണ്. രണ്ട് വർഷം മുന്നേയുള്ള ഒരു പിറന്നാളിന് തെരുവിലെ നായകൾക്ക് ഭക്ഷണം കൊടുത്തിരുന്നു. ഇതൊക്കെയാണ് എന്റെ ജീവിതത്തിലെ ആഘോഷങ്ങൾ. ടീവിയൊക്കെ നല്ലതുപോലെ കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ, വർഷങ്ങൾക്കു മുൻപ്. എന്നാൽ ഇന്ന് ഞാൻ ടിവി കാണത്തതുകൊണ്ട് ഇവിടെയുള്ള കണക്ഷൻ വരെ വേണ്ട എന്ന് വെച്ചു. ഭക്ഷണത്തിലായാലും, വ്യായാമത്തിലായാലുമൊക്കെ ഒരു ശ്രദ്ധ വന്നത് യോഗ ആരംഭിച്ചതോടെയാണ്. മാറ്റങ്ങൾ ചിലപ്പോഴൊക്കെ നല്ലതിനാണ്, അനിവാര്യമാണ് എന്ന് വിശ്വസിക്കുന്നു.

?? ശിവാനിയൊരു പുസ്തകപ്രേമിയാണെന്ന് അറിയാം. എപ്പോൾ മുതലാണ് ഈ ശീലം തുടങ്ങിയത്?
ശിവാനി: ചെറിയ ക്ലാസുകൾ മുതൽ തന്നെ ചിത്രകഥകളും മറ്റും വായിക്കാറുണ്ട്. എന്നാലും വായന അതിതീവ്രമായത് അടുത്തിടെയാണ്.
?? ഇനിയെന്തൊക്കെയാണ് ശിവാനിയുടെ പ്ലാനുകൾ?
ശിവാനി: വിദ്യാഭ്യാസകാര്യത്തിൽ ഫിസിക്‌സ് എടുത്ത് മുന്നോട്ട് പോകണം എന്നാണ് മനസ്സിൽ .

?? ശിവാനി എങ്ങനെയാണ് സിനിമാ രംഗത്തേക്ക് വരുന്നത്?
ശിവാനി: അള്ളാമേര തോബ എന്ന ഒരു ആൽബം മൂന്നാം വയസ്സിൽ ചെയ്തിരുന്നു. അവിടെ നിന്നാണ് ആദ്യത്തെ സിനിമയായ ഹോട്ടൽ കാലിഫോർണിയയിലേക്ക് എത്തുന്നത്. പിന്നീട് നാലഞ്ച് സിനിമകളിൽകൂടി അവസരം ലഭിച്ചു.
?? അവതരണം, മോഡലിംങ് രംഗത്തേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?
ശിവാനി: രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മലയാളം ചാനലിലെ കുട്ടികൾക്കായുള്ള പരിപാടിയുടെ അവതാരകയായി എത്തുന്നത്. പിന്നീട് നിരവധി മലയാളം ചാനലുകൾക്കായി ആങ്കറിംഗ് ചെയ്യാൻ അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ സ്റ്റേജ് ഷോകൾക്കായും ആങ്കറിംഗ് ചെയ്യുന്നുണ്ട്. പിന്നെ മോഡലിംഗ്… അതും വർഷങ്ങളായിട്ട് കൂടെയുള്ളതാണ്. ഇപ്പോൾ പല ബ്രാൻഡ്കളുടേയും മോഡലാണ്.

?? ശിവാനിയുടെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അതാണോ ഡബിംഗിലേക്ക് കയറാനും കാരണം?
ശിവാനി: ഒരു പാട് പേർ പറഞ്ഞിട്ടുണ്ട്. ഏകദേശം പതിമൂന്ന് വർഷങ്ങളായി ഞാൻ ഡബിംഗിലേക്ക് ഇറങ്ങിയിട്ട്.
?? ഏതൊക്കെ ഭാഷകൾ അറിയാം?
ശിവാനി: മലയാളവും ഇംഗ്ലീഷും ഫ്‌ളൂവന്റ് ആണ്. ഹിന്ദിയും അറിയാം. തമിഴ് സംസാരിക്കാൻ ചെറുതായിട്ട് അറിയാം.
?? ഇഷ്ടപെട്ടത് റൈനി സീസൺ ആണോ സമ്മർ സീസൺ ആണോ?
ശിവാനി: മഴക്കാലം തന്നെ. അപ്പോഴുള്ള കാലാവസ്ഥയുടെ ഇരുണ്ട പ്രതീതിയും, മഴയുടെ താളവും, മണ്ണിന്റെ ഒരു പ്രത്യേക സുഗന്ധവും, തീവ്രമായ തണുപ്പുമൊക്കെ ഒരുപാടിഷ്ടമാണ്.

??ശിവാനിക്ക് ഇങ്ങനെ ഒരുപാട് മേഖലകളിൽ കാലെടുത്തു വെക്കാൻ കഴിഞ്ഞതിന്റെ പിന്നിലെ രഹസ്യം?
ശിവാനി: അമ്മയുടെയും അമ്മൂമ്മയുടെയും സ്‌പെഷ്യൽ ട്രെയിനിങ്ങിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അവരാണ് ചെറുപ്രായത്തിൽതന്നെ എന്നിൽ നിന്ന് ഓരോരോ കഴിവുകളെ പുറത്തെടുത്തു വളർത്തിക്കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്തത്.
?? ശിവാനിയുടെ അമ്മ, അമ്മൂമ്മ, അച്ഛൻ എന്നിവരെ കുറിച്ച് പറയു…
ശിവാനി: അമ്മയുടെ പേര് ദീപ, ടീച്ചറാണ്. അച്ഛൻ വി. ഗോപാൽ. കോൺട്രാക്ടർ ആണ്. അമ്മൂമ്മയുടെ പേര് ശാന്ത. റിട്ടയേർഡ് അധ്യാപികയാണ്.
?? ശിവാനി ധൈര്യവതിയാണോ? രാത്രി ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ?
ശിവാനി: രാത്രിയെന്നല്ല, ഒരു നേരവും ഒറ്റയ്ക്ക് നിൽക്കാൻ പേടിയില്ല. കുഞ്ഞിലേ തന്നെ വീട്ടുകാർ പുറത്ത് പോകുമ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കാവും. അന്നു മുതൽ തന്നെ അത് ശീലമാണ്.
?? ശിവനിക്ക് ഇഷ്ടമില്ലാത്തതും എന്നാൽ മാറ്റാൻ പറ്റാത്തതുമായ എന്തെങ്കിലും സ്വഭാവം?
ശിവാനി: സ്വഭാവമല്ല… എന്റെ ഒരു ശാരീരക അവസ്ഥയാണ് ബസ്സിലും കാറിലും കയറിയാൽ വൊമിറ്റ് ചെയ്യുകയെന്നത്. അത് നിർത്താനായി സകല വഴികളും ശ്രമിച്ചതാണ്. പക്ഷേ, പറ്റുന്നില്ല. ഞങ്ങളിപ്പോൾ നല്ല സൗഹൃദത്തിലാണ്…
