സ്വർണ്ണചാമരം വീശിയെത്തിയ യക്ഷി

സതീഷ് കുമാർ വിശാഖപട്ടണം
1968 ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തിയ യക്ഷി എന്ന ചലച്ചിത്രം ഇന്ന് 54 വർഷങ്ങൾ പൂർത്തിയാക്കുന്നു ….


1967ലാണ് എം ഒ ജോസഫും സുഹൃത്തായ ബത്താ സാറുംകൂടി നവജീവൻ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.. ഇവരുടെ ആദ്യചിത്രമായിരുന്നു നാടൻ പ്പെണ്ണ്. നവജീവന്റെ രണ്ടാമത്തെ ചിത്രം ‘ തോക്കുകൾ കഥ പറയുന്നു ‘ പുറത്തുവന്നതോടെ സുഹൃത്തുക്കൾ തമ്മിൽ ഒരു ചെറിയ സൗന്ദര്യ പിണക്കം. നവജീവനിൽ നിന്നും പിരിഞ്ഞു പോന്ന എം ഒ ജോസഫ് സ്വന്തമായി ഉണ്ടാക്കിയ നിർമാണ കമ്പനിയാണ് മഞ്ഞിലാസ്. ചലച്ചിതരംഗത്തെ എക്കാലത്തേയും ആഭിജാത്യമുള്ള ബാനറായിരുന്നു മഞ്ഞിലാസ് .
മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾക്ക് ചലച്ചിത്രാവിഷ്‌ക്കാരണം നൽകിയ മഞ്ഞിലാസിന്റെ ചിത്രങ്ങൾ പ്രേക്ഷകർ തേടിപ്പിടിച്ചു കാണുമായിരുന്നുവത്രെ !
ഈ കമ്പനിയുടെ ‘അനുഭവങ്ങൾ പാളിച്ചകൾ ‘ വരെയുള്ള എല്ലാ ചിത്രങ്ങളിലും സത്യനായിരുന്നു നായകൻ… സംവിധായകൻ കെ എസ് സേതുമാധവനും…

ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ മലയാള സിനിമയുടെ നാൾവഴികളിലെ ക്ലാസിക്കുകളായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
1968ൽ മഞ്ഞിലാസിന്റെ ബാനറിൽ പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു യക്ഷി.
മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്.


മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച യക്ഷിയുടെ ആദ്യ പേര് ‘ മുഖം ‘ എന്നായിരുന്നുവത്രെ ! വയലാർ രാമവർമ്മയാണ് ‘യക്ഷി ‘ എന്ന സുന്ദരമായ പേര് നോവലിന് നിർദ്ദേശിച്ചത്. ഈ സിനിമയിലെ സത്യന്റെ അഭിനയ മികവ് എടുത്തു പറയാതിരിക്കാൻ വയ്യ.
മുഖം വികൃതമായതിന്റെ പേരിൽ ഉടലെടുത്ത അപകർഷതാ ബോധത്തിൽ നിന്നും പതുക്കെ പതുക്കെ ലൈംഗികശേഷി നഷ്ടപ്പെടുന്ന ഒരു പുരുഷന്റെ മാനസിക വിഭ്രാന്തികളെ വളരെ ഭാവോജ്ജ്വലമായാണ് സത്യൻ ഈ ചിത്രത്തിൽ അഭിനയിച്ചു ഫലിപ്പിച്ചത്.
1993 -ൽ ബി ബി സി അവരുടെ വേൾഡ് സീരിയസ്സിൽ യക്ഷി 13 ഭാഗങ്ങളായി സംപ്രേഷണം ചെയ്യുകയുമുണ്ടായി. സത്യന്റെ അഭിനയപാടവം കണ്ട ഒരു വിദേശ പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടത് ഈ ചിത്രം ഹോളിവുഡ്ഢിലായിരുന്നുവെങ്കിൽ മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് സത്യന് ലഭിക്കുമായിരുന്നുവെന്നാണ്….
അര നൂറ്റാണ്ടിന് മുമ്പ് പുറത്തിറങ്ങിയ ഈ മന:ശാസ്ത്ര കഥ സാക്ഷരകേരളം രണ്ട് കൈയും നീട്ടി സ്വീകരിച്ചത് തിരിഞ്ഞു നോക്കുമ്പോൾ ഇന്നും ഒരു വിസ്മയമായി അവശേഷിക്കുന്നു. മലയാറ്റൂരിന്റെ കഥക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത്… ഗാനങ്ങൾ വയലാറും സംഗീതം ദേവരാജൻ മാസ്റ്ററും നിർവ്വഹിച്ചു.

യക്ഷിയിലെ ഗാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതും ഇന്നും കാവ്യ സുഗന്ധം പരത്തുന്നതുമായ
‘ സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നെങ്കിൽ ഞാൻ ….’
എന്ന ഗാനം യേശുദാസും പി ലീലയും പാടിയ യുഗ്മഗാനങ്ങളിൽ ഏറ്റവും മികച്ചതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
വയലാറിനെ കോടമ്പാക്കം കവി എന്നു പരിഹസിച്ചിരുന്ന മലയാളത്തിലെ മഹാകവി കൾക്കുള്ള മറുപടിയായിരുന്നു
സ്വർണ്ണചാമരത്താൽ നെയ്‌തെടുത്ത ഈ നിത്യ ഹരിത ഗാനം …
‘വിളിച്ചു ഞാൻ വിളി കേട്ടു……
( പി സുശീല )
‘ചന്ദ്രോദയത്തിലെ ……’ (യേശുദാസ് എസ് ജാനകി )
‘പത്മരാഗപടവുകൾ …….
(പി സുശീല )
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ ……
1968 ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തിയ യക്ഷി എന്ന ചലച്ചിത്രം ഇന്ന് 54 വർഷങ്ങൾ പൂർത്തിയാക്കുന്നു ….
നീലക്കുയിലിനു ശേഷം കേരളത്തിലെ സാംസ്‌കാരിക വേദികളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് യക്ഷി എന്ന് സിനിമാചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.