മറക്കാനാവുമോ ലോഹിതദാസിനെ… ആ സിനിമകളെ…
ഇന്ന് ലോഹിതദാസിന്റെ ഓർമ്മദിനം

കണ്ണീർ പൂവിന്റെ കവിളിൽ തലോടി
സതീഷ് കുമാർ വിശാഖപട്ടണം
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുമായി ജനിക്കുന്നവരാണല്ലോ കലാകാരന്മാർ… ജന്മസിദ്ധമായി ലഭിച്ച സർഗ്ഗ വൈഭവത്തെ തേച്ചുമിനുക്കി കലയുടെ അല്ലെങ്കിൽ സാഹിത്യത്തിന്റെ ഗിരിശൃംഗങ്ങളിൽ ഉദയസൂര്യനെ പോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നപ്പോൾ തനിക്കപരിചിതമായ മറ്റൊരു മേഖലയിലേക്ക് ചേക്കേറി താൻ സൃഷ്ടിച്ച ദുരന്ത കഥാപാത്രങ്ങളെപ്പോലെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു എ കെ ലോഹിതദാസ്.

എം ടിക്കും പത്മരാജനും ശേഷം മനോജ്ഞമായ തിരക്കഥകൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ലോഹിതദാസ് സംവിധാന രംഗത്തേക്കും നിർമാണ രംഗത്തേക്കും കടന്നില്ലായിരുന്നുവെങ്കിൽ യുദ്ധത്തിൽ പരാജയപ്പെട്ട പടനായകനെപോലെ അകാലമൃത്യുവിലേക്ക് എടുത്തെറിയപ്പെടില്ലായിരുന്നുവെന്ന് മനസ്സിൽ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ ജനിച്ച ലോഹിതദാസ് നാടകങ്ങളിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനാകുന്നത് . ചേർത്തല തപസ്യ അവതരിച്ചിച്ച ‘സിന്ധു ശാന്തമായി ഒഴുകുന്നു ‘എന്ന പ്രശസ്തമായ നാടകം മികച്ച നാടക രചയിതാവിനുള്ള കേരള സംസ്ഥാന പുരസ്‌കാരം ലോഹിതദാസിന് നേടിക്കൊടുത്തു. സുഹൃത്തും നാട്ടുകാരനുമായ നടൻ തിലകനാണ് ലോഹിയെ സിബിമലയിന് പരിചയപെടുത്തി കൊടുക്കുന്നത്. ഈ ടീമിന്റെ ആദ്യചിത്രമായ ‘തനിയാവർത്തനം ‘ കലാപരമായും സാമ്പത്തികമായും വൻ വിജയം നേടിയെടുത്തതോടെ ലോഹി സിബി കൂട്ടുകെട്ടിലൂടെ ജീവിതഗന്ധിയായ ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചു.
നഷ്ടപ്പെടലിന്റേയും ജീവിത വേദനകളുടേയും വിഷാദത്മക കഥകളായിരുന്നു ലോഹിയുടെ ചലച്ചിത്ര രചനകളിൽ കൂടുതലും. അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ ഇത്തരം കഥാപാത്രങ്ങളിലൂടെയാണ് മഹാനടന്മാരായ മമ്മുട്ടിയും മുരളിയും മോഹൻലാലുമൊക്കെ പ്രേക്ഷകമനസ്സുകളിൽ കൂടുകൂട്ടിയത്. ശത്രുക്കളെ ഇടിച്ചുനിരത്തി വിജയശ്രീലാളിതനാകുന്ന സർവ്വഗുണ സമ്പന്നനായ നായകരിൽ നിന്നും ജീവിതത്തിന്റെ ചൂടും ചൂരുമുള്ള പച്ച മനുഷ്യരെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയർത്തിയത് ലോഹിതദാസാണ്.പൊന്നിൻ വിലയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾക്ക് വേണ്ടി മലയാളത്തിലെ ഒന്നാംനിര സംവിധായകരും താരരാജാക്കന്മാരും കാത്തുനിന്നിരുന്നു.
മലയാളസിനിമയിൽ ചരിത്രവിജയം നേടിയെടുത്ത ദിലീപ്-മഞ്ജുവാര്യർ മീരാജാസ്മിൻ തുടങ്ങിയവരെല്ലാം ചലച്ചിത്രരംഗത്ത് ശ്രദ്ധേയരാകുന്നത് ലോഹിതദാസിന്റെ തിരക്കഥകളിലൂടെയായിരുന്നു.

ഏതാനും ചിത്രങ്ങളിൽ പാട്ടുകൾ എഴുതുകയും നടനായി പ്രത്യക്ഷപ്പെടുകയും ചെയ്ത ഇദ്ദേഹത്തിന്റെ കനക തൂലികയിലൂടെ മലയാളത്തിൽ 42 -ഓളം മികവുറ്റ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
മലയാളികളുടെ മനസ്സിൽ എന്നും നൊമ്പരങ്ങൾ ഉയർത്തിയ അത്തരം കഥകളിലെ ഏതാനും ചലച്ചിത്ര ഗാനങ്ങളെ അന്വേഷിക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ…
‘പ്രമദവനം വീണ്ടും …… (ഹിസ് ഹൈനസ് അബ്ദുള്ള )
‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി … ( കിരീടം )
‘സായന്തനം ചന്ദ്രികാലോലമായ് ……(കമലദളം)
‘സിന്ദൂരം പെയ്തിറങ്ങി ….. ( തൂവൽകൊട്ടാരം)
‘ എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളേ .. (ജോക്കർ )
‘പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ ….. (സല്ലാപം )
‘മധുരം ജീവാമൃതബിന്ദു…… (ചെങ്കോൽ ) ‘വികാരനൗകയുമായി …… ( അമരം ) ‘ ഗോപാംഗനേ ആത്മാവിലെ സ്വര ഗംഗയിലൊഴുകും …… ( ഭരതം ) ‘മന്ദാര ചെപ്പുണ്ടോ ……( ദശരഥം ) ‘മഞ്ഞക്കിളിയുടെ മൂളി പാട്ടുണ്ടേ…….. (കന്മദം ) ‘കോലക്കുഴൽ വിളി കേട്ടോ രാധേ …… (നിവേദ്യം )
തുടങ്ങി
സംഗീതപ്രേമികൾ എന്നുമെന്നും മനസ്സിൽ താലോലിക്കുന്ന എത്രയോ സുന്ദര ഗാനങ്ങളാണ് ലോഹിതദാസിന്റെ കഥകളിലൂടെ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ കൈരളിക്ക് സമ്മാനമായി ലഭിച്ചത്.
1955 മേയ് 10 ന് ജനിച്ച ലോഹിതദാസ് 2009 ജൂൺ 28ന് ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം.. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സൃഷ്ടിച്ച ജീവിത ഗന്ധിയായ കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ,
ആ കഥാപാത്രങ്ങൾ നടന്നുകയറിയ സംഗീത വഴികളിലൂടെ കലാലോകം ലോഹിതദാസിനെ എന്നുമെന്നും ഓർമ്മിക്കും.
സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )