ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ മറിഞ്ഞ് ബൈക്കിന് മേൽ വീണു; പിന്നിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാർ ജീവനക്കാർ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.
പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നിൽ സഞ്ചരിച്ച അർജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവൻ നഷ്ടമായതെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ നാട്ടുകാർ കോഴിക്കോട്- നടുവട്ടം റോഡ് ഉപരോധിക്കുകയാണ്. യാതൊരു മുൻകരുതലുമില്ലാതെയാണ് പോസ്റ്റ് മാറ്റിയതെന്ന് പ്രതിഷേധക്കാർ പറയുന്നു.
