അഭയ കേസ് പ്രതികൾക്ക് ജാമ്യം; സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ജാമ്യം നൽകിയത്.
ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും കോടതി ഉത്തരവിൽ നിർദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാംപ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബർ 23 ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.
തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
കേസ് വിചാരണ ഉൾപ്പെടെയുള്ള നടപടികൾ നീതിപൂർവകമല്ലെന്നും, രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്നും പ്രതികൾ ആരോപിക്കുന്നു. 28 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്.

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വർഷത്തിനിടെ 16 അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.