ഇസഡ് പ്ലസ് സുരക്ഷയുമായി കമാൻഡോകളെത്തി,
പതിവുപോലെ ക്ഷേത്രം തൂത്തുവാരി ദ്രൗപതി മുർമു

ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിറ്റേ ദിവസവും ദ്രൗപതി മുർമുവിന്റെ ജീവിത രീതികളിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത രാഷ്ട്രപതിയാവും എന്ന് ഏറെക്കുറെ ഉറപ്പായിട്ടും പതിവ് പോലെ ക്ഷേത്ര ദർശനത്തിനെത്തി. േേക്ഷത്രപരിസരം തൂത്തുവൃത്തിയാക്കി… രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ ബി ജെ പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിയെ ‘ഇസഡ് പ്ലസ്’ വലയത്തിലാക്കി കേന്ദ്രം സുരക്ഷ ഉറപ്പാക്കിയിരുന്നു. വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സുരക്ഷാ പരിരക്ഷയുടെ രണ്ടാമത്തെ റാങ്കിലുള്ളതാണ് ‘ഇസഡ് പ്ലസ്’ കാറ്റഗറി. സിആർപിഎഫ് കമാൻഡോകളാണ് സുരക്ഷ ഒരുക്കുന്നത്.


ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായങ്പൂർ ടൗൺഷിപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുറ്റം വൃത്തിയാക്കുന്ന ദ്രൗപതി മുർമുവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സന്താൾ ഗോത്രവർഗ നേതാവായ മുർമു ഇന്ന് വീട്ടിന് അടുത്തുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. പൂർണ്ണന്ദേശ്വര് ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന് മുമ്പാണ് മുർമു ചൂലെടുത്തു ക്ഷേത്ര പരിസരം വൃത്തിയാക്കിയത്. റൈരംഗ്പൂർ പ്രജാപിത ബ്രഹ്മ കുമാരി ഈശ്വരീയ വിശ്വ വിദ്യാലയം സന്ദർശിച്ച മുർമു അവിടെയും പ്രാർത്ഥന നടത്തി. ഒഡീഷയിലെ സ്ത്രീകൾ അവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും മുന്നിലെ തെരുവുകൾ തൂത്തുവാരുന്നത് വളരെ സാധാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമീർ മൊഹന്തി അഭിപ്രായപ്പെട്ടു.
‘ഇത് ദ്രൗപതി മുർമുവിന്റെ ലാളിത്യവും എളിമയും കാണിക്കുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇതിനേക്കാൾ മികച്ച സ്ഥാനാർത്ഥി മറ്റാരും ഉണ്ടാകില്ല. ഒഡീഷയ്ക്കും രാജ്യത്തെ ആദിവാസി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ്,’ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സമീർ മൊഹന്തി അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ദൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാർത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി ജെ പി പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാർത്ഥി വരുന്നത്. ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത്.