തണ്ണീർമത്തനുമായെത്തി
പ്രേക്ഷകരുടെ
ഇഷ്ടതാരമായി നസ്ലിൻ

ശിവദാസ് എ
‘എല്ലാവർക്കും എന്നെ മതി…. ഇവിടെ എല്ലാരും വിചാരിക്കും ഞാൻ ഒരു വായ്നോക്കിയാണെന്ന്….. എത്ര ശ്രമിച്ചാലും എനിക്കൊരു വായ്‌നോക്കിയാവാൻ പറ്റില്ല.’- അടിപൊളി ഡയലോഗ് കൊണ്ടും ഭാവം കൊണ്ടും മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരു നടനാണ് നസ്ലിൻ. നസ്ലിൻ കെ. ഗഫൂർ എന്ന് ഒറിജിനൽ പേര്. സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന സിനിമയിലെ ‘രവീന്ദ്ര ചതോപാധ്യായ’ എന്ന കഥാപാത്രമായി നസ്ലിൻ വിലസുകയായിരുന്നു. എന്തൊരു ഒറിജിനാലിറ്റി!
‘ആപ് കാ ഗാർഡൻ ബഹൂത്ത് മനോഹർ ഹേ… ജയറാമുമായുള്ള ആ രംഗം ഏറെ മനോഹരമാക്കി നസ്ലിൻ.


മമ്മൂട്ടിയെ കാണാൻ കൊതിച്ച് തികച്ചും യാദൃശ്ചികമായാണ് സിനിമയിൽ എത്തുന്നത്.
‘തണ്ണീർ മത്തൻ ദിനങ്ങൾ ‘ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമാ പ്രേക്ഷരുടെ മനസ്സിൽ കുടിയേറിയവനാണ് നസ്ലിൻ.
നസ്ലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂക്കയെ ഒന്നു നേരിൽ കാണണമെന്ന്. ആ ആഗ്രഹത്തോടെയാണ് മമ്മൂട്ടിയുടെ ‘മധുരരാജ’യിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ പോയത്. 600 പേരിൽ ഒരാളായിരുന്നു നസ്ലിൻ. തണ്ണീർമത്തനു മുൻപ് സ്‌കൂളിലും കോളേജിലും പോലും അഭിനയരംഗത്ത് ഉണ്ടായിട്ടില്ല. സുഹൃത്തുക്കളാണ് സിനിമയെ കുറിച്ച് പറയുന്നത്. ബാപ്പാടെയും കൂട്ടുകാരുടെ കൂടെ ക്ലാസ്സ് കട്ട് ചെയ്ത് തിയറ്ററിൽ പോയി സിനിമ കണ്ടിട്ടുള്ളതല്ലാതെ മറ്റൊരു അനുഭവവുമില്ല.
തണ്ണീർമത്തൻ ദിനങ്ങൾ, കുരുതി, ഹോം, കേശു ഈ വീടിന്റെ നാഥൻ, സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ എന്നീ സിനിമകളിൽ അഭിനയിച്ച ഈ 21-കാരൻ കൊടുങ്ങല്ലൂർ സ്വദേശിയാണ്.


ബി ടെക് പഠിപ്പ് പകുതി വച്ചു നിർത്തി. ബിടെക്കിനു പഠിക്കുമ്പോഴാണ് ‘ തണ്ണീർമത്തൻ ദിന ങ്ങളി’ൽ പത്താം ക്ലാസുകാരനായി അഭിനയിക്കുന്നത്. ‘എനിക്ക് അത്ര വല്യേ പ്രായമൊന്നൂല്യ. വല്യേ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോഴ്‌സ് കംപ്ലീറ്റ് ചെയ്യണമെന്നൊക്കെ ആയിരുന്നു ആഗ്രഹം’- നസ്ലിൻ പറഞ്ഞു… പക്ഷെ എത്തിപ്പെട്ടത് സിനിമയിൽ. ഇന്ന് മലയാള സിനിമാ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെടുന്ന യുവതാരമായി നസ്ലിൻ മാറിക്കഴിഞ്ഞു.


