KERALA Main Banner TOP NEWS

നടിയെ പീഡിപ്പിച്ച കേസ്;
വിജയ് ബാബുവിന്
മുൻകൂർ ജാമ്യം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ അഡീഷണൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കൂര്യാക്കോസ് ഹാജരായി.
ഈ മാസം 27 മുതൽ ജൂലായ് മൂന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയായി മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ജാമ്യം നൽകി വിട്ടയയ്ക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.


നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
എന്നാൽ വിജയ് ബാബുവിൽ നിന്ന് കടുത്ത ലൈംഗിക പീഡനവും ചൂഷണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. വിജയ് ബാബുവിനെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *