വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ;
പുതിയ ചിത്രം വരിസിനായി പ്രേക്ഷകരുടെ കാത്തിരിപ്പ്

സിനിമാ പ്രേമികൾ ആരാധനയോടെ ‘ദളപതി’യെന്ന് വിളിക്കുന്ന നടൻ വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് വിജയ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർ നിരവധി പരിപാടികൾ പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസ് വരെ ചെയ്തിരുന്നു. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വംശി സംവിധാനം ചെയ്യുന്ന ‘വരിസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്.


ബാലതാരമായി വന്ന് പ്രണയചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ ഗ്രാഫ് ഉയർന്നത് ആക്ഷൻ ചിത്രങ്ങളിലേക്ക് ചുവട് വച്ചതോടെയാണ്. കമലഹാസൻ ചിത്രം ‘വിക്രം’ കേരളത്തിലും തമിഴ്നാട്ടിലും മുന്നേറുമ്പോൾ തകർത്തതിൽ ഭൂരിഭാഗവും വിജയ് ചിത്രങ്ങളുടെ റെക്കോർഡുകളാണ്, അതും സമ്മിശ്ര പ്രതികരണങ്ങൾ കിട്ടിയ ചിത്രങ്ങളുടെ. വിജയ്യുടെ ഫുൾ പോസിറ്റീവ് ചിത്രം വന്നാൽ തകരാവുന്ന റെക്കോർഡുകളേ നിലവിലുള്ളു എന്ന് ആരാധകർ വിശ്വസിക്കുന്നു.

