എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കാനുള്ള നിലപാടിനെ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ സ്വാഗതം ചെയ്തു

കോഴിക്കോട്: എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെയും, ആരോഗ്യ മന്ത്രിയുടെയും നിലപാടിനെ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ സ്വാഗതം ചെയ്തു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കിനാലൂർ- കാന്തലാട് വില്ലേജുകളിലായി കേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 40.6802 ഹെക്ടർ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനായി നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും, ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിനെയും മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എല്ലാംകൊണ്ടും അനുയോജ്യവും സ്ഥലം ലഭ്യതയും ഉള്ള കിനാലൂരിൽ വേണമെന്ന് അഭ്യർത്ഥിച്ചു മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന് വേണ്ടി 19.05.2022ന് എം ഡി സി പ്രസിഡണ്ട് ഷെവ. സി. ഈ. ചാക്കുണ്ണി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചത്. പ്രസ്തുത നിവേദനത്തിന് എയിംസ് സ്ഥാപിക്കുന്നതിന് മറ്റു ജില്ലകൾ ഒന്നും ഇപ്പോൾ പരിഗണനയിലില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി എം. ഡി. സി. പ്രസിഡന്റിന് അയച്ച മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
കേരള സർക്കാരിന്റെ ഉറച്ച തീരുമാനം മലബാറിന്റെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം ആകുമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അടിയന്തര സെക്രട്ടറി യോഗം വിലയിരുത്തി. എം ഡി സി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, പ്രൊഫസർ ഫിലിപ്പ് കെ. ആന്റണി, സെക്രട്ടറിമാരായ പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം വി. കുഞ്ഞാമു എന്നിവർ പങ്കെടുത്തു.