മിഠായിത്തെരുവിൽ വാഹനഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കണം: സി.എ.ഐ.ആർ.യു.എ.

കോഴിക്കോട്. പോലീസ് കമ്മീഷണർ ഓഫീസ് പരിസരത്ത് നിരന്തരം സമരങ്ങളും മുന്നറിയിപ്പില്ലാതെ ഗതാഗതം വഴിതിരിച്ചു വിടുന്നതും മൂലമുള്ള വാഹനത്തിരക്ക് പരിഹരിക്കുന്നതിന് റെയിൽവേ സ്റ്റേഷൻ, വലിയങ്ങാടി, എം.പി റോഡ്, മേലെ പാളയം ഭാഗത്തേക്കും, പി.എം താജ് റോഡ് വഴി കോട്ടപറമ്പ് ആശുപത്രി, പാളയം ബസ് സ്റ്റാൻഡ്, തളി, കല്ലായി റോഡ് ഭാഗത്തേക്കും ടൂവീലർ, ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് മിഠായിത്തെരുവിലൂടെ പോകാൻ അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ കേരള റീജിയൻ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, കൺവീനർ പി.ഐ അജയൻ എന്നിവർ ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.

മണിക്കൂറോളം നീളുന്ന ഗതാഗത തടസം മൂലം പലർക്കും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച റിസർവേഷൻ തീവണ്ടി യാത്ര പോലും നഷ്ടപ്പെടുന്നു. സമരവുമായി യാതൊരു ബന്ധവും ഇല്ലാത്ത നിരപരാധികളായ തീവണ്ടി യാത്രക്കാരുടെയും, പൊതുജനങ്ങളുടെയും യാത്രാദുരിതം ലഘൂകരിക്കാൻ അധികാരികൾ എത്രയും വേഗം മിഠായിത്തെരുവിലെ വാഹന ഗതാഗത നിരോധനം പിൻവലിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഈ മേഖലയിൽ സ്ഥാപനം നടത്തുന്നവരും ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളും വിദ്യാർത്ഥികളും മറ്റും ബ്ലോക്ക് മൂലം വഴിയിലിറങ്ങി ലഗേജുമായി ദീർഘദൂരം നടക്കേണ്ട അവസ്ഥയിലാണ്.