FILM BIRIYANI SPECIAL STORY

ഏതോ ജന്മകല്പനയിൽ

സതീഷ് കുമാർ വിശാഖപട്ടണം

1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിൽ അബൂബക്കറിന്റെ മകനായി ജനിച്ച പൂവച്ചൽ ഖാദർ 2021 ജൂൺ 22 -നാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനം …..
മലരണി കിങ്ങിണി കാടുകളെ പുളകത്തിന്റെ മലരാട ചുറ്റിയൊരുക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം.

ഒരുകാലത്ത് റേഡിയോ ശ്രോതാക്കളുടെ ഇഷ്ടപരിപാടികളി ലൊന്നായിരുന്നു ലളിതസംഗീത പാഠം. ഈ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട ചില ലളിതഗാനങ്ങൾ ചലച്ചിത ഗാനങ്ങളേക്കാൾ അക്കാലത്ത് ജനപ്രീതിയാർജ്ജിച്ചിരുന്നു.
‘രാമായണക്കിളി
ശാരികപൈങ്കിളി
രാജീവനേത്രനേ കണ്ടോ
എന്റെ രാഗവിലോലനെ കണ്ടോ …….’
എന്ന ലളിതഗാനം ഗൃഹാതുരത്വത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന ഈ ലേഖകനുൾപ്പടെയുള്ള ഒട്ടേറെ റേഡിയോ ശ്രോതാക്കൾ ഇന്നും കേരളത്തിലുണ്ട്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ആകാശവാണിയിൽ ആ പാട്ട് പഠിപ്പിച്ചിരുന്നത് പിൽക്കാലത്ത് മലയാള ചലച്ചിത്ര സംഗീതരംഗത്തെ നിറസാന്നിധ്യമായി മാറിയ എം ജി രാധാകൃഷ്ണനായിരുന്നു.
പാട്ടെഴുതിയത് തിരുവനന്തപുരത്തിനടുത്തുള്ള പൂവച്ചൽ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദർ എന്ന യുവകവിയും.
അതെ, ‘മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു മണിമുകിൽതേരിലിറങ്ങി
മലരണി കിങ്ങിണി കാടുകൾ പുളകത്തിൻ മലരാട ചുറ്റിയൊരുങ്ങി പുഴയുടെ കല്യാണമായി…… ‘
എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ സാക്ഷാൽ പൂവച്ചൽ ഖാദർ തന്നെ.
വലപ്പാട് ശ്രീരാമ പോളിടെക്‌നിക്കിൽ പഠിക്കുന്ന കാലം മുതലേ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതിയിരുന്ന ഈ യുവ കവി പി ഡബ്‌ളിയു ഡി യിൽ ജോലികിട്ടിയിട്ടാണ് കോഴിക്കോട്ടെത്തുന്നത്…
ഉത്തര മലബാറിന്റെ സംഗീത സദസ്സായിരുന്ന കോഴിക്കോട് നഗരം അദ്ദേഹത്തിന് സമ്മാനിച്ച പുതിയൊരു സുഹൃത്തായിരുന്നു ചിത്രകാരനും കലാസംവിധായകനുമായ ഐ വി ശശി…….
വിജയനിർമ്മല സംവിധാനം ചെയ്ത ‘കവിത ‘ എന്ന ചിത്രത്തിന്റെ കലാസംവിധായകനും സഹ സംവിധായകനുമായിരുന്നു അക്കാലത്ത് ഐ വി ശശി.
ഒരു കവയത്രിയുടെ കഥ പറഞ്ഞ ‘കവിത’ യിലെ ഏതാനും കവിതകൾ ശശിയുടെ പ്രോത്സാഹനത്താൽ പൂവച്ചൽ ഖാദറാണ് എഴുതിയത് …സംഗീതം നൽകിയത് കെ രാഘവനും…
പിന്നീട് മഹാനടി സാവിത്രി നായികയായി അഭിനയിച്ച് തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ‘ചുഴി ‘എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദർ ഏതാനും ഗാനങ്ങൾ എഴുതിയെങ്കിലും ക്രിസ്ത്യൻ ആർട്ട്‌സിന്റെ ‘ കാറ്റ് വിതച്ചവൻ ‘ എന്ന ചിത്രമാണ് പൂവച്ചൽ ഖാദറിനെ മലയാള ചലച്ചിത്ര ഗാനരംഗത്ത് ശരിക്കും അടയാളപ്പെടുത്തുന്നത്…
ഒരു പുതുമുഖ ഗാനരചയിതാവിന്റെ യാതൊരുവിധ കൈകുറ്റ പാടുകളുമില്ലാതെ ഈ യുവ കവി എഴുതിയ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന
‘മഴവില്ലിൻ അജ്ഞാതവാസവും ..’ മേരി ഷൈല പാടി, ഇന്നും കേരളത്തിലെ പള്ളിമേടകളിൽ മുഴങ്ങി കേൾക്കുന്ന
‘നീയെന്റെ പ്രാർത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിനൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി……’
എന്ന ഗാനവും ,
‘സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന ചക്രവാളത്തിലെ പെണ്ണിന്റെ സൗമ്യഭാവവുമെല്ലാം സംഗീത കേരളം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു ….
ഐ വി ശശി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ഉത്സവ ‘ ത്തിൽ ഗാനങ്ങളെഴുതാൻ അദ്ദേഹത്തിന് പിന്നീട് രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല ….
എ ടി ഉമ്മർ സംഗീതം പകർന്ന
ഈ ചിത്രത്തിലെ
‘ആദ്യ സമാഗമ ലജ്ജയിലാതിര
താരകം കണ്ണടയ്ക്കുമ്പോൾ
കായലഴിച്ചിട്ട വാർമുടിപീലിയിൽ
സാഗരമുമ്മ വെക്കുമ്പോൾ …… ‘
‘സ്വയംവരത്തിന് പന്തലൊരുക്കി നമുക്ക് നീലാകാശം …..’
തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ എത്രയോ ഗൃഹാതുരത്വത്തോടെയാണ് ഹൃദയത്തിൽ സൂക്ഷിക്കുന്നത്.


1979-ൽ പുറത്തുവന്ന കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കായലും കയറും ‘എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായി എത്തിയത് തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച കെ വി മഹാദേവൻ …..
അതെ , ശങ്കരാഭരണത്തിന്റെ സംഗീതസംവിധാനത്തിലൂടെ ദേശീയപുരസ്‌കാരവും ദേശീയപ്രശസ്തിയും നേടിയെടുത്ത
നാദശരീരാപരന്റെ നാമധാരിയായ സാക്ഷാൽ കെ വി മഹാദേവന്റെ വശ്യതയാർന്ന സംഗീതത്തിന് വരികളെഴുതാൻ ഭാഗ്യമുണ്ടായത് പൂവച്ചൽ ഖാദറിനായിരുന്നു ….
ചിരിയിൽ ചിലങ്ക ചാർത്തിയ ജീവിതേശ്വരിയായ ചിറയൻകീഴുകാരിയായ ആമിനയെ മനസ്സിൽ താലോലിച്ചു കൊണ്ടദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്നു വീണ
‘ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ ചിറയിൻ കീഴിലെ പെണ്ണേ
ചിരിയിൽ ചിലങ്ക
കെട്ടിയ പെണ്ണേ ….. ‘
എന്ന ഗാനത്തിന് അദ്ദേഹത്തിന്റെ ജീവിതപരിസരങ്ങളുമായി ഒട്ടേറെ സാമ്യതകൾ ഉണ്ടായിരുന്നുവത്രെ….
ഈ ചിത്രത്തിലെ
‘ശരറാന്തൽ തിരി താണു
മുകിലിൻ കുടിലിൽ
മൂവന്തി പെണ്ണുറങ്ങാൻ കിടന്നു … ‘ എന്ന ഗാനത്തിന്റെ അനുപല്ലവി കേരളക്കരയിൽ സൃഷ്ടിച്ച ആന്ദോളനം
ചെറുതൊന്നുമായിരുന്നില്ല.


പ്രകൃതി വർണ്ണനയായിരുന്നുവെങ്കിലും
‘മകരമാസകുളിരിൽ
അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നു ……’
എന്ന സംഭോഗ ശൃംഗാരത്തിന്റെ തേനിൽ ചാലിച്ചെഴുതിയ കല്പനകൾ ഒട്ടേറെ യുവതി യുവാക്കളുടെ മനസ്സിൽ കുളിരു കോരിയിട്ടുവെന്നുള്ളതാണ് വാസ്തവം.
മൊബൈൽ ഫോണൊന്നും നിലവിലില്ലാതിരുന്ന എൺപതുകളിൽ കേരളത്തിലെമ്പാടും കാമുകിമാരുടെ പ്രണയ ലേഖനങ്ങൾക്ക് ലഹരി പകർന്നിരുന്നത്
‘ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു
താവകവീഥിയിൽ എൻ
മിഴി പക്ഷികൾ തൂവൽ
വിരിച്ചു നിന്നു ….’
എന്ന ചാമരത്തിൽ പൂവച്ചൽ എഴുതിയ അതിസുന്ദരമായ വരികളായിരുന്നു ….
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ അവസാനിക്കാത്ത ആയിരത്തോളം ഗാനങ്ങളാണ് പൂവച്ചൽ ഖാദർ എഴുപതു മുതൽ തൊണ്ണൂറു വരെയുള്ള കാലഘട്ടത്തിൽ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയത് ……
‘അക്കൽദാമയിൽ പാപം പേറിയ ……( ചുഴി )
‘സിന്ദൂരസന്ധ്യയ്ക്ക് മൗനം…… (ചൂള )
‘മൗനമേ നിറയും മൗനമേ…….
( തകര )
‘രാവിനിന്നൊരു പെണ്ണിന്റെ നാണം …… ( തുറമുഖം )
‘ഇനിയെന്റെ ഓമലിനായൊരു ഗീതം …. (ഒരു വർഷം ഒരു മാസം )
‘എന്റെ ജന്മം നീയെടുത്തു …..
(ഇതാ ഒരു ധിക്കാരി )
‘എന്താണ് ചേട്ടാ നെഞ്ചിളകും നോട്ടം ……’ ( പിന്നെയും പൂക്കുന്ന കാട് )
‘കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ …..( കയം )
‘ഏതോ ജന്മ കൽപ്പനയിൽ …..
( പാളങ്ങൾ )
‘നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ …. (പ്രേമാഭിഷേകം )
‘നാണമാകുന്നു മേനി നോവുന്നു ……
( ആട്ടകലാശം )
‘രാജീവം വിടരും നിൻ മിഴികൾ ……
(ബെൽറ്റ് മത്തായി )
‘ആശംസകൾ നൂറു നൂറാശംസകൾ …… ( ഹലോ മദ്രാസ് ഗേൾ )
‘ആഗ്രഹം ഒരേയൊരാഗ്രഹം ……’ (ആഗ്രഹം )
‘ പണ്ടൊരുകാട്ടിലൊരാൺ സിംഹം …… ( സന്ദർഭം)
‘അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ….. (ഒരുകുടക്കീഴിൽ )
ഇങ്ങനെ എത്രയോ സുന്ദര ഗാനങ്ങളാണ് ഈ ഗാനരചയിതാവ് കൈരളിക്ക് കാഴ്ചവച്ചത്.
1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിൽ അബൂബക്കറിന്റെ മകനായി ജനിച്ച പൂവച്ചൽ ഖാദർ 2021 ജൂൺ 22 -നാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനം …..
മലരണി കിങ്ങിണി കാടുകളെ പുളകത്തിന്റെ മലരാട ചുറ്റിയൊരുക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *