‘കൂവാഗം’ ശാന്തനോര്‍മ്മ 24 ന്:
‘ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍’
ഒരുങ്ങുന്നു

കോഴിക്കോട്: നാടക സമിതികളും വായനശാലകളും ഇല്ലാതാകുമ്പോൾ ഒരു നാടിന് എന്തു സംഭവിക്കും. . . . ? . ഈ ചോദ്യത്തിന് ഉത്തരവുമായി നാടകം ഒരുങ്ങുന്നു. ഒരു കലാസമിതിയോ വായനശാലയോ അടച്ചുപൂട്ടുമ്പോൾ നാടിന്റെ ഭൂപടമാകെ മാറുമെന്നും ശ്വാസം തന്നെ നിലയ്ക്കുമെന്നും കാഴ്ചക്കാരെ ബോധ്യപ്പെടുത്തുകയാണ് ‘ഭൂപടം മാറ്റി വരക്കുമ്പോൾ ‘ എന്ന നാടകം. നാടക-കലാസമിതികളും വായനശാലകളും നാടിന്റെ മൂല്യങ്ങളാണെന്നും അത് ഇല്ലാതാകുന്നത് നാടിനെത്തന്നെ ഇല്ലാതാക്കുമെന്നും നാടകം വ്യക്തമാക്കുന്നു. കലയം സാഹിത്യവും നാടകവും ഒഴിയുന്നിടത്ത് അരാഷ്ട്രീയതയും അരാജകത്വവും പിടിമുറുക്കും. ജീർണ്ണതകൾ സമൂഹത്തെ കൈപ്പിടിയിലൊതുക്കുമ്പോൾ മാനവിക മൂല്യങ്ങളിലേക്ക് കാഴ്ചക്കാരനെ ക്ഷണിക്കുകയാണ് റിഹേഴ്‌സൽ പുരോഗമിക്കുന്ന ഈ നാടകം.
റെഡ് യംങ്‌സ്, മഞ്ചാടിക്കുരു എന്നിവയ്‌ക്കൊപ്പം ശാന്തന്റെ ചങ്ങാതിമാരും ചേർന്ന് 24 ന് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ‘കൂവാഗം- ശാന്തനോർമ്മ’ പരിപാടിയിലാണ് കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ പുരസ്‌ക്കാരം നേടിയ എ ശാന്തകുമാറിന്റെ പ്രശസ്ത നാടകമായ ‘ഭൂപടം മാറ്റിവരയ്ക്കുമ്പോൾ’ അരങ്ങേറുക. ‘ അത്ര എളുപ്പത്തിൽ വർഗീയവാദികൾക്ക് സാംസ്‌കാരിക ഭൂപടം മാറ്റിവയ്ക്കാൻ ആവില്ല’ എന്ന് നാടകത്തിലെ ഒരു കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾ ഒരു നാടിനെ പിന്നോട്ട് നയിക്കും. നവോത്ഥാനമാണ് പ്രതീക്ഷയെന്നും നാടകം വ്യക്തമാക്കുന്നു. എ ശാന്തകുമാർ രചിച്ച് റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്യുന്ന ഒരു മണിക്കൂർ പത്ത് മിനിട്ട് ദൈർഘ്യമുള്ള നാടകത്തിൽ 22 പേർ വേഷമിടുന്നു 32 പേരാണ് അണിയറയിൽ. ഇതിൽ പത്തോളം സ്ത്രീകളാണുള്ളത്. വേങ്ങേരി നേതാജി വായനശാലയിലാണ് നാടകത്തിന്റെ റിഹേഴ്‌സൽ നടന്നുവരുന്നത്.
24 ന് ടൗൺഹാളിൽ നടക്കുന്ന എ ശാന്തകുമാർ അനുസ്മരണ ചടങ്ങ് വൈകീട്ട് 5.30ന് നടൻ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്യും. കെ ഇ എൻ, ടി വി ബാലൻ, അപ്പുണ്ണി ശശി, ടി സുരേഷ് ബാബു, വിജയൻ കാരന്തൂർ, സതീഷ് കെ സതീഷ്, ഗിരീഷ് പി സി പാലം, സുനിൽ അശോകപുരം, ശ്രീജിത്ത് പൊയിൽക്കാവ്, നവീൻ രാജ്, ജയപ്രകാശ് കാര്യാൽ, പ്രിയ വെള്ളിമാടുകുന്ന്, ജ്യോതിഷ്, സുധി പറമ്പിൽ തുടങ്ങിയവർ സംബന്ധിക്കും. രാവിലെ പത്തിന് ശാന്തസ്മൃതി ഫോട്ടോ ഗ്യാലറി ഉദ്ഘാടനം ജയപ്രകാശ് കുളൂർ നിർവ്വഹിക്കും. രണ്ടു മണിക്ക് ലൈംഗിക തൊഴിലാളികളുടെ വ്യഥകൾ വരച്ചുകാട്ടിയ ‘ഒറ്റ രാത്രിയുടെ കാമുകിമാർ’ എന്ന നാടകത്തിന്റെ അരങ്ങ് അനുഭവം നളിനി ജമീല, രാഖി, ബിനോയ് വി ദേവ്, രമ നാരായണൻ, അനശ്വര സുരേഷ്, അപർണ്ണ ശിവകാമി തുടങ്ങിയവർ പങ്കുവെക്കും. നാലിന് ശാന്തന്റെ പെണ്ണുങ്ങൾ ചർച്ചയും ഏഴിന് അവാർഡ് സമർപ്പണവും നടക്കും. രാത്രി 7.30ന് ‘ഭൂപടം മാറ്റിവരയ്കുമ്പോൾ’ നാടകം അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് : RED YOUNGS മഞ്ചാടിക്കുരു കോ.ഓഡിനേറ്റർ ബൈജു മേരിക്കുന്ന് . 9446781218