ഇനിയെന്തിന് സിൽവർലൈൻ?
തിരുവനന്തപുരം – കാസർകോട് റെയിൽ പാതയിൽ വേഗത കൂട്ടാൻ പദ്ധതി

പത്തനംതിട്ട: തിരുവനന്തപുരം – കാസർകോട് റെയിൽ പാതയിൽ വേഗം കൂട്ടാൻ പദ്ധതി തയാറാക്കി റെയിൽവേ ബോർഡ്. പദ്ധതിക്ക് 5000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.ഇത് സംബന്ധിച്ച് പ്രാരംഭ യോഗം ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നടന്നു.ബോർഡ് എൻജിനീയിറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ തുടർചർച്ചകൾക്കായി വൈകാതെ തന്നെ കേരളത്തിലേക്ക് എത്തും.
കേരളത്തിലെ പാതകളിൽ സാധ്യമായ സ്ഥലങ്ങളിൽ 90, 100, 110, 130 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ചെറിയ വളവുകൾ നിവർത്തിയും സാങ്കേതികമായി മാറ്റങ്ങൾ വരുത്തിയും വേഗത കൂട്ടാൻ കഴിയുന്ന ഇടങ്ങൾ ഉടൻ പൂർത്തിയാക്കും.ഷൊർണൂർ – കാസർകോട് പാതയിലും ആലപ്പുഴ വഴിയുള്ള കായംകുളം – എറണാകുളം പാതയിൽ കായംകുളം മുതൽ തുറവൂർ വരെയും ചില സ്ഥലങ്ങളിലൊഴികെ 130 കിലോമീറ്ററായി വേഗം കൂട്ടാൻ കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
തിരുവനന്തപുരം കായംകുളം സെക്ഷനിൽ തിരുവനന്തപുരം മുരുക്കുംപുഴ, പറവൂർകൊല്ലം, കരുനാഗപ്പള്ളികായംകുളം സെക്ഷനുകളും 130 കിലോമീറ്റർ വേഗത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കോട്ടയം വഴിയുള്ള കായംകുളം എറണാകുളം പാതയിൽ സാധ്യമാകുന്ന സ്ഥലങ്ങളിൽ വേഗത 100 കിലോമീറ്ററാക്കും. എറണാകുളം ഷൊർണൂർ പാതയിലാണ് വേഗത കൂട്ടാൻ ബുദ്ധിമുട്ടുന്നത്. ഇപ്പോഴുള്ള 80 ൽ നിന്നു വേഗം 90 കിലോമീറ്ററാക്കുന്നതു പരിഗണിക്കും.
എറണാകുളം ഷൊർണൂർ മൂന്നാം പാതയുടെ സർവേ പൂർത്തിയാകുന്നതോടെ അന്തിമ തീരുമാനമെടുക്കും.