സർവ്വാദരണീയനായ സമുന്നത വ്യക്തിത്വം

ആർ.രവികുമാർ
ആലപ്പുഴ: നായർ സർവ്വീസ് സൊസൈറ്റിയുടെ ചരിത്രത്തിൽ ഇതാദ്യമായി 75 വയസ്സിന് താഴെ പ്രായമുള്ള ആദ്യ പ്രസിഡന്റാണ് ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.ശശികുമാർ.നായർ സമുദായത്തിന്റെ പരമോന്നത സംഘടനയായ എൻ.എസ്എസിൽ ദീർഘകാലമായി വിവിധ ചുമതലകളിൽ പ്രവർത്തിച്ച് സർവ്വാദരണീയനായി തീർന്ന സമുന്നത വ്യക്തിത്വമാണ് ഡോ.എം.ശശികുമാറിന്റേത്.
27 വർഷക്കാലം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റായും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായും കഴിഞ്ഞ പത്തു വർഷക്കാലം എൻ.എസ്.എസ് ട്രഷററുമായും,ആരോഗ്യ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്.കാർത്തികപ്പള്ളി എൻ.എസ്.എസ് കരയോഗ യൂണിയനെ നയിക്കാൻ സാക്ഷാൽ മന്നത്തു പത്മനാഭന്റെ സ്‌നേഹപൂർവ്വമായ നിർബ്ബന്ധത്തിനു വഴങ്ങി വർഷങ്ങൾക്ക് മുൻപ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനവും ഒപ്പം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം എന്ന ചുമതലയും യാതൊരു പരാതിക്കുമിട വരുത്താതെ വർഷങ്ങളോളം സ്തുത്യർഹമായി നിറവേറ്റിയ കൊറ്റിനാട്ട് മാധവൻ പിള്ളയുടെ മകന് അദ്ദേഹത്തിന്റെ മരണശേഷം യൂണിയൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, തന്റെ അച്ഛന്റെ സൽപ്പേരിന് ഒരു കാലത്തും കളങ്കം ചാർത്തരുത്.അത് അദ്ദേഹം അക്ഷരംപ്രതി പാലിച്ചു.അതിന്റെ അംഗീകാരമാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി.മകൻ ആതുരസേവന രംഗത്ത് മികച്ച നേട്ടം കൊയ്യണമെന്നായിരുന്ന അച്ഛന്റെ ആഗ്രഹം.എം.ബി.ബിഎസ് പഠനം നല്ല നിലയിൽ പൂർത്തിയാക്കി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അച്ഛന്റെ വിയോഗം.തുടർന്ന് ഡോക്ടറെന്ന നിലയിലും കാർത്തികപ്പള്ളി എൻ.എസ്.എസ് യൂണിയന്റെ പ്രസിഡന്റെന്ന നിലയിൽ ഇന്നു കാണുന്ന ഏതാണ്ട് എല്ലാ വികസന ങ്ങളുടെയും പിന്നിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടെന്ന് നിസംശയം പറയാം.പ്രശസ്തമായ പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ സെക്രട്ടറിയായി ദീർഘനാൾ അദ്ദേഹം പ്രവർത്തിച്ചു.കുടുംബത്തിന്റെ ഉയമസ്ഥതയിലുള്ള പുല്ലു കുളങ്ങര എൻ.ആർ.പി എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരായി ഇപ്പോഴും തുടരുന്നു.ഭാര്യ: തുളസി, രണ്ടു മക്കൾ ചെന്നൈയിൽ എൻജിനീയറിംഗ് കോളെജ് അധ്യാപികയായ ഉഷസ്സ്,എൻജിനീയറിംഗ് ബിരുദധാരിയായ സന്ധ്യ.മരുമക്കൾ: ജയേഷ് ,പ്രവീൺ.
