ENTE KOOTTUKAARI KERALA Main Banner SPECIAL STORY WOMEN

മരിയ ഒരു പാഠപുസ്തകമാണ്… ജീവിതത്തിൽ തോറ്റുപോയവർക്ക് വായിച്ചുപഠിക്കാനും വിജയിക്കാനും

കൊച്ചി: ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്‌പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്. ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ മഴ. അപ്പോഴാണ് രണ്ടാം നിലയിലെ ബാൽക്കണിയിൽ തുണി ഉണങ്ങാനായി വിരിച്ചിരുന്ന കാര്യം മരിയ ഓർത്തത്. ഓടിപ്പോയി അയയിൽ നിന്നും തുണി വലിച്ചെടുത്തപ്പോഴേക്കും ബാൽക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളിൽ തെന്നി താഴേക്ക് പതിച്ചു.
വീഴ്ചയിൽ തലയിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ സുഹൃത്തുക്കളും കോളേജ് അധികാരികളും അടുത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സൗകര്യങ്ങളുള്ള എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരീരം മുഴുവൻ തളർന്നു പോയ മരിയയ്ക്ക് പിന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൈകൾ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടർ ചികിത്സയ്ക്കായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പിയും നടത്തി. ഒടുവിൽ 6 മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയായത്.
ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എം.ബി.ബി.എസ് എങ്ങനെയും എഴുതി എടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സ് നിറയെ. വീൽചെയറിൽ ഇരിക്കാനാകുന്ന സ്ഥിതിയായപ്പോൾ പിന്നെ ക്ലാസിൽ വീണ്ടും ചേരണമെന്ന നിർബന്ധത്തിലായി.
ഡോക്ടർമാരുടെ സമ്മത പ്രകാരവും കോളേജ് അധികാരികളുടെ പിൻതുണയോടും കൂടി 2017 ജനുവരി മുതൽ വീണ്ടും ക്ലാസിൽ പോയി. കാലുകൾക്കു ചലന ശേഷി ഇല്ലാത്തതിനാൽ പൂർണമായി വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അദ്ധ്യാപകരും സഹായവുമായി എത്തി.
മാതാവ് സുനി ഇക്കാലമത്രയും കോളേജ് ഹോസ്റ്റലിൽ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സർവകലാശാല അനുമതി നൽകിയെങ്കിലും മരിയ സ്വീകരിച്ചില്ല. കാരണം മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലാത്ത ആളെ വേണം സഹായിയായി എത്താൻ. അപ്പോൾ അവർക്ക് മെഡിക്കൽ സംബന്ധമായ വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടാകും. അതിനാൽ സ്വയം എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നെ വഴങ്ങാത്ത കൈകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനായി ശ്രമം തുടങ്ങി. പേനയും പെൻസിലും കയ്യിൽ മുറുകെ പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്ക് നിർത്താൻ മരിയയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിൽ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു.
ഒടുവിൽ സ്വന്തം കൈകൾ കൊണ്ട് 2ാം വർഷത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വർഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു. ഇതോടെ ആത്മ വിശ്വാസം ഏറെ വർദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. പോയ കാലുകൾക്ക് പകരം സുഹൃത്തുക്കൾ കൂട്ടായി എത്തിയതോടെ ഈ ലോകം തന്നെ കീഴ്‌പ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസം ഒടുവിൽ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച അവസാന വർഷ പരീക്ഷയ്ക്കു കൂടുതൽ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. സ്‌ട്രെച്ചറിൽ കിടന്നായിരുന്നു തുടർപഠനം. ഒടുവിൽ കാത്തിരുന്ന എംബിബിഎസ് ബിരുദം കയ്യിൽ.
വീണു പോയി എന്ന് കരുതിയിടത്ത് നിന്നും ഉയർത്തെണീൽപ്പിച്ചത് മരിയയുടെ എം.ബി.ബി.എസ്സിനോടുള്ള അടങ്ങാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പ്രാർത്ഥനയുമായിരുന്നു. വീൽച്ചെയറിൽ ഒതുങ്ങിയിരിക്കാൻ സുഹൃത്തുക്കൾ അവളെ അനുവദിച്ചിരുന്നില്ല. പുറത്തുകൊണ്ടു പോകാനും പരിപാടികളിൽ പങ്കെടുപ്പിക്കാനും അവർ ഒപ്പമുണ്ടായിരുന്നു.
കോളേജ് പ്രോഗ്രാമുകളിൽ വീൽച്ചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആടിത്തിമിർക്കുകയും ചെയ്തു. ഫാഷൻ ഷോ, വിസിലിങ്, ബോഡി പെയിന്റിങ്, പെയിന്റിങ് എന്നു തുടങ്ങീ ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള എല്ലാ കലാപരിപാടികൾക്കും മരിയ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌ക്കൂൾ കാലഘട്ടത്തിൽ കായിക മത്സരങ്ങളിലെ പ്രതിഭയായിരുന്നു. സ്‌ക്കൂൾ ക്യാപ്റ്റൻ വരെയായിരുന്നു. നിരവധി മെഡലുകളും ട്രോഫികളും പ്രശംസാ പത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്നത്തെ അതേ സ്‌പോർട്ട്‌സ് മാൻ സ്പിരിറ്റ് തന്നെയാണ് വീഴ്ചയിൽ നിന്നും മരിയയെ പിടിച്ചുയർത്തിയത്.
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനടുത്താണ് മരിയയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആരുടെയും സഹായമില്ലാതെ പുറത്തേക്കിറങ്ങി കറങ്ങി നടക്കണമെന്നാണ് മരിയയുടെ ആഗ്രഹം. പക്ഷേ അതിന് തടസമായി നിൽക്കുന്നത് പബ്‌ളിക് ട്രാൻസ്‌പോർട്ട് സർവ്വീസുകളിൽ അംഗപരമിതരായവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാ എന്നതാണ്. കൊച്ചി മെട്രോയിൽ മാത്രമാണ് ഇപ്പോൾ അതിനുള്ള സൗകര്യമുള്ളത്.
കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസിൽ സൗകര്യമുണ്ടെങ്കിലും പക്ഷേ വീൽചെയർ കയറ്റാനുള്ള സംവിധാനങ്ങൾ ഇല്ല. കൂടാതെ ഇപ്പോൾ വീൽചെയറിൽ എത്തുന്നവർക്കായി ഒരുക്കിയ സ്ഥലങ്ങളിൽ അധിക സീറ്റുകൂടി വച്ചു പിടിപ്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല, കൊച്ചി നഗരത്തിൽ വീൽചെയറിൽ സഞ്ചരിക്കാനുള്ള സൗകര്യവും ഇല്ല. പനമ്പള്ളി നഗറിൽ ഉണ്ടെങ്കിലും അവിടെ വരെ എത്താനുള്ള സൗകര്യമില്ല. അതിനാൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയുള്ള യാത്രാ സൗകര്യം കൊച്ചിയൽ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് മരിയ. ഒപ്പം ഒരു വർഷത്തെ ഹൗസ് സർജൻസി കഴിഞ്ഞ് എം.ഡി എടുക്കാനുള്ള ഒരുക്കത്തിലും.
എം.ഡി എടുക്കുന്നതിനൊപ്പം തന്റെ ശരീരം കൊണ്ട് പ്രവർത്തിപ്പിക്കാനുതകുന്ന തരത്തിൽ ബുള്ളറ്റ് രൂപ മാറ്റം വരുത്തി കാശ്മീരിലേക്ക് ഒരു യാത്ര ചെയ്യാനുള്ള തീരുമാനത്തിലുമാണ്.
മാതാപിതാക്കളായ ബിജു പീറ്ററും സുനി ബിജുവും മകൾക്ക് വേണ്ടത് എന്തെന്ന് വച്ചാൽ ചെയ്തുകൊടുക്കാനായി ഒപ്പം തന്നെയുണ്ട്.
കോളേജ് ഹോസ്റ്റലിൽ നടന്ന അപകടമായതിനാൽ മുഴുവൻ ചികിത്സാ ചിലവും മറ്റും കോളേജ് അധികൃതർ തന്നെയാണ് നടത്തുന്നത്…
ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും തളർന്ന് പോകുന്ന പലരും മരിയയെ മാതൃകയാക്കേണ്ടതാണ്.പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്കുള്ള ഒരു പാഠമാണ് മരിയ ബിജു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *