ആര്യനാട് ചെമ്പക മംഗലത്ത് ആദ്യ മഹാരുദ്ര ഭൈരവി യാഗം :
യാഗാചാര്യൻ സ്വാമി ദേവേന്ദ്ര സൂര്യവംശി

തിരുവനന്തപുരം: ഭാരത ചരിത്രത്തിലെ ആദ്യ ‘മഹാരുദ്ര ഭൈരവീയാഗത്തിന് ആര്യനാട് തോളൂർ ചെമ്പകമംഗംലം ഭദ്രകാളി ക്ഷേത്രാങ്കണം യാഗ വേദിയാകുന്നത്. യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് മഹാരുദ്ര ഭൈരവീയാഗത്തിന് നേതൃത്വം നൽകുന്നത്.വെങ്ങാനൂർ പൗർണമിക്കാവിൽ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂർണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നത്.
യൂറോപ്പിൽ നിന്നെത്തുന്ന കറുത്ത ചേലചുറ്റി, ലാവ മുത്തുകൾ മാലയാക്കി, വെള്ളി തൃശൂലമേന്തി, വിശ്വാസികൾ ‘ശനി ബാബ ‘ എന്ന് വിളിക്കുന്ന അന്താരാഷ്ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ ദേവേന്ദ്ര സൂര്യവംശിയാണ് യാഗാചാര്യൻ.

ആഗസ്റ്റ് 17 മുതൽ 23 വരെയാണ് രാജ്യത്തെ തന്നെ ആദ്യ മഹാരുദ്ര ഭൈരവി യാഗം ആര്യനാട് തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്നത്. യാഗത്തിന് വേണ്ട ഒരുക്കങ്ങൾക്കായി യാഗ ബ്രഹ്മൻ ആനന്ദ് നായരോടൊപ്പം ക്ഷേത്രഭരണ സമിതിയും നാട്ടുകാരും ദേവീഹിതമനുസരിച്ച് ഒരുമിച്ചു പ്രവർത്തനങ്ങൾ തുടങ്ങി.


ലോകത്തെ 180 രാജ്യങ്ങളിൽ ശനീശ്വര ആശ്രമങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ ‘ശനി ബാബ’ ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാർമ്മികനാവുന്നത്. സൂര്യവംശി അഖാഡയ്ക്ക് ലോകത്താകമാനം 11 ലക്ഷം ശനീശ്വര സന്യാസിമാർ അനുയായികളായുണ്ട്.
ശ്രീപരമേശ്വരനും ശ്രീഭദ്രയും അനുഗ്രഹവർഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനായി ആഗസ്റ്റ് രണ്ടാംവാരം മഹാസൂര്യവംശി അഖാഡ തലസ്ഥാനത്ത് എത്തുന്നു.


മഹാരുദ്ര ഭൈരവി യാഗത്തിൽ പങ്കെടുക്കുന്നവരുടെ എട്ട് തലമുറയ്ക്ക് രോഗ ദുരിതങ്ങളിൽ നിന്നും രക്ഷയും, തലമുറകളോളം കുടുംബത്തിൽ അപമൃത്യുവിൽ നിന്ന് മോചനവും സിദ്ധിക്കുന്ന അഷ്ടമൃത്യുജ്ഞയ ഹവനമാണ് ഈ യാഗത്തിന്റെ പ്രത്യേകതയെന്നും ശനിദോഷ നിവാരണത്തിനായി ശനി ബാബ ദേവേന്ദ്ര സ്വാമിജിയുടെ കാർമ്മികത്വത്തിൽ ശനിഹവനവും യാഗത്തിൽ ഉണ്ടാവുമെന്നും സൂര്യവംശി അഖാഡ ചീഫ് ജനറൽ സെക്രട്ടറിയും യാഗ ബ്രഹ്മനുമായ ആനന്ദ് നായർ പറഞ്ഞു. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രി മുഖ്യൻമാരും സന്യാസി സമൂഹത്തിലെ പ്രമുഖരും യാഗവേദിയിലെത്തിച്ചേരുമെന്നും ആനന്ദ് നായർ അറിയിച്ചു.