സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, രാജ്യത്തെ ആദ്യസോളോഗമി

വഡോദര: സ്വയം വിവാഹം ചെയ്യാനൊരുങ്ങി ഇരുപത്തിനാലുകാരി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദു ആണ് അപൂർവ വിവാഹത്തിനൊരുങ്ങുന്നത്.
ഈ മാസം പതിനൊന്നിനാണ് ചടങ്ങ്. ഇത് ഒരുപക്ഷെ ഗുജറാത്തിലെ അല്ലെങ്കിൽ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കുമെന്നാണ് യുവതിയുടെ അവകാശവാദം.

പരമ്പരാഗതമായ എല്ലാ ചടങ്ങുകളോടും കൂടിയായിരിക്കും വിവാഹം. എന്നാൽ വരൻ ഉണ്ടാകില്ലെന്ന് മാത്രം. എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. എന്നാൽ വധുവാകണമെന്നുണ്ടായിരുന്നു. അതിനാലാണ് സ്വയം വിവാഹിതയാകാമെന്ന് കരുതിയതെന്ന് ക്ഷമ ബിന്ദു പറയുന്നു.

രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഗൂഗിളിൽ അരിച്ചുപെറുക്കിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക ഞാനായിരിക്കാം. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാലാണ് ഈ കല്യാണം. വിവാഹത്തിന് മാതാപിതാക്കളുടെ അനുഗ്രഹമുണ്ട്. രണ്ടാഴ്ചത്തെ ഹണിമൂണിന് ഗോവയിൽ പോകാനും പ്ലാനുണ്ട്.’- യുവതി പറഞ്ഞു.