വിക്രം, മേജർ, തട്ടുകട…
നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

കോഴിക്കോട്: നാളെ (വെള്ളി ) തിയേറ്ററിലെത്തുന്നത് മൂന്ന് ചിത്രങ്ങൾ. ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒരുമിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ ആണ് പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജർ’, ജഗദീഷ് പ്രധാന കഥാപാത്രമാകുന്ന ‘തട്ടുകട മുതൽ സെമിത്തേരി വരെ’ എന്നിവയാണ് നാളെ തിയേറ്ററിലെത്തുന്ന മറ്റ് ചിത്രങ്ങൾ.




ലോകേഷ് കനകരാജ് – കമൽ ഹാസൻ – ഫഹദ് ഫാസിൽ – വിജയ് സേതുപതി കോമ്പോ ചിത്രത്തിന് നൽകുന്ന ആകാംക്ഷ ചെറുതല്ല. ഒപ്പം ചിത്രത്തിന്റെ ട്രെയ്ലർ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതേ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ സംവിധാനം ചെയ്തിരിക്കുന്നത് ശശി കിരൺ ടിക്കയാണ്. യുവതാരം ആദിവി ശേഷാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്.
നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള ജി. മഹേഷ് ബാബു എന്റർടെയ്‌മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഹിന്ദിയിലും, തെലുങ്കിലും, മലയാളത്തിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു.
ജഗദീഷ്, ശ്രേയാ രമേശ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘തട്ടുകട മുതൽ സെമിത്തേരി വരെ’. സിറാജ് ഫാന്റസി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഓൺലൈൻ മൂവീസിന്റെ ബാനറിൽ ഷമീർ അലിയാണ് നിർമ്മിക്കുന്നത്. വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം ജഗദീഷ് പ്രധാന കഥാപാത്രമായെത്തുകയാണ് ചിത്രത്തിൽ. സസ്‌പെൻസ് ത്രില്ലർ ആണ് ചിത്രം.