പി.സി. ജോർജ് പുറത്തിറങ്ങി; ‘ജയിലിലാക്കിയത് പിണറായിയുടെ കളി; നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ മറുപടി’

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ എം.എൽ.എ പി.സി. ജോർജ് ജയിലിൽനിന്ന് പുറത്തിറങ്ങി.
ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്ന് വൈകീട്ട് പുറത്തിറങ്ങിയത്.
തന്നെ ജയിലിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളി ആണെന്ന് പി.സി. ജോർജ് പറഞ്ഞു. പിണറായി വിജയൻ തൃക്കാക്കരയിൽ വെച്ചാണ് എന്നെപ്പറ്റി അഭിപ്രായം പറഞ്ഞത്. അതിന് നാളെ കഴിഞ്ഞ് തൃക്കാക്കാരയിൽ വെച്ച് തന്നെ മറുപടി പറയും. നല്ല മറുപടി എന്റെ കയ്യിൽ ഉണ്ട്. ആരൊക്കെ ഇടപെട്ടോ അവർക്കെല്ലാമുള്ള മറുപടി നൽകും. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ നീതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു’ -പി.സി. ജോർജ് പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈകോടതിയുടെ വിധി മാനിച്ചുകൊണ്ടേ പ്രവർത്തിക്കൂയെന്നും തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് താങ്കളും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോയെന്ന ചോദ്യത്തിന് സാമാന്യബോധവും വിവരവുമുള്ളവരുടെ അഭിപ്രായത്തിന് മറുപടി പറയാമെന്നും നാണംകെട്ടവർക്ക് മറുപടി പറയാനും മാത്രം വിവരംകെട്ടവനല്ല താനെന്നുമായിരുന്നു മറുപടി.
പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കോടതി കർശന ഉപാധികളോടെയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്.