ബിദിഷയ്ക്ക് പിന്നാലെ മോഡലായ മഞ്ജുഷയും ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ദേ മജുദാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബിദിഷയുടെ സുഹൃത്തും ബംഗാളി മോഡലുമായ മഞ്ജുഷ നിയോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിലാണ് മഞ്ജുഷയെ കണ്ടെത്തിയത്.


ബിദിഷയും മഞ്ജുഷയും ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറയുന്നു. ബിദിഷയുടെ മരണത്തിന് പിന്നാലെ മഞ്ജുഷ വിഷാദരോഗത്തിന് അടിമയായെന്നും അമ്മ പറഞ്ഞു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വിവാഹിതയായ മഞ്ജുഷ നാല് ദിവസങ്ങൾക്ക് മുൻപാണ് അച്ഛന്റെ വീട്ടിലെത്തിയത്.
മേയ് 25നാണ് ബിദിഷയെ (21) ദും ദുമിലെ നാഗെർ ബസാറിലുള്ള ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിൽ നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാല് മാസമായി നടി ഫ്‌ളാറ്റിൽ താമസിച്ചുവരികയാണ്. ബിദിഷയും കാമുകനായ അനുബബ് ബേരയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും നടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.