ലഡാക്കിൽ സൈനിക വാഹനം പുഴയിലേക്ക് മറിഞ്ഞ് ഏഴ് മരണം; മരിച്ചവരിൽ മലപ്പുറം സ്വദേശിയും

ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) മരിച്ച മലയാളി സൈനികൻ.
ഇന്ത്യ പാക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്. ആകെ 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് സൂചന.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പർതാപൂറിലേക്ക് വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. തോയ്‌സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കുള്ളവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.