മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരന് എതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കേസെടുത്തു.
ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്.
പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതി നൽകിയ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി എടുത്തു. അതിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. ഇത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത് പക്ഷം ഉപയോഗിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് പൊലീസ് സുധാകരന് എതിരെ കേസും എടുത്തിരിക്കുന്നത്. സുധാകരന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും നേരത്തെ പറഞ്ഞിരുന്നു.
സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
തൃക്കാക്കര: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം.വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി യു രാധാകൃഷ്ണൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് കണ്ണൂർ എംപി കുറ്റപ്പെടുത്തി. ചങ്ങലയിൽ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയിൽ വന്നിരിക്കുന്നതെന്നും സുധാകരൻ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാൻ ആരുമില്ലെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.
അതേസമയം, കെ സുധാകരനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രം?ഗത്ത് വന്നു.ശബ്ദതാരാവലി എടുത്തിട്ടാണോ പൊതു മധ്യത്തിൽ ആളുകൾ പ്രസംഗിക്കുന്നത്, ചില പ്രയോഗങ്ങൾ പ്രസംഗ ഭാഷയെന്ന നിലയിൽ വിട്ടു കളയണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് കേസെടുത്തതെങ്കിൽ അത് സർക്കാരിനെ ദുർവിനിയോഗം ചെയ്യലാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ശരിയല്ല, അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിചേർത്തു. നെഹ്റുവിനെ കുറിച്ച് ശങ്കറിന്റെ കാർട്ടൂൺ കണ്ടിട്ടില്ലേ. ഭാരത യക്ഷിയാണ് ഇന്ദിരാഗാന്ധിയെന്ന് എത്രയോ പേർ പ്രസംഗിച്ച് നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.