പാർവ്വതിക്ക് പിന്നാലെ ശ്വേതയയും കുക്കുവും രാജിവച്ചു

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെൽ അധ്യക്ഷസ്ഥാനം ശ്വേത മേനോൻ രാജിവച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരായ കേസിൽ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി.
പരാതി പരിഹാര സെൽ അംഗമായ കുക്കു പരമേശ്വരനും രാജി വച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മാലാ പാർവതി ഇന്നലെ രാജി വച്ചിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനും സമിതിയിൽ നിന്ന് രാജി വയ്ക്കുമെന്നും മാലാ പാർവതി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അദ്ദേഹം സ്വയം മാറി നിൽക്കുകയാണെന്നും അതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്നും തീരുമാനമെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചിരിക്കുന്നത്.
ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നും സൂചനയുണ്ട്. താരസംഘടനയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മൂന്ന് പേരും രാജി വച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് ശ്വേത മേനോൻ അധ്യക്ഷയായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ വിജയ് ബാബുവിന്റെ കത്ത് മാത്രം പരിഗണിച്ച് തുടർ നടപടി സ്വീകരിച്ചതാണ് പരാതി പരിഹാര സെല്ലിലെ അംഗങ്ങളെ പ്രകോപിപ്പിച്ചത്.